പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും വരെ ഇസ്രയേലുമായി നയതന്ത്രബന്ധമില്ല; സൗദി


പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും വരെ ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ലെന്ന് സൗദി അറേബ്യ . പലസ്തീനികളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ ഉറച്ചുനിൽക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു.1967−ലെ അതിർത്തിപ്രകാരമുള്ള സ്വതന്ത്ര പലസ്തീൻ യാഥാർഥ്യമാകണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇസ്രയേൽ ബന്ധത്തെക്കുറിച്ച് അമേരിക്കയുമായി നടത്തിയ നിരവധി ചർച്ചകൾക്ക് ശേഷമാണ് സൗദി അറേബ്യയുടെ ശക്തമായ നിലപാട് അറിയിച്ചിരിക്കുകയാണ്. പലസ്തീൻ വിഷയത്തിൽ സൗദി അറേബ്യയുടെ നിലപാട് എല്ലായ്പ്പോഴും ഉറച്ചതാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സഹോദരങ്ങളായ പലസ്തീൻ ജനത അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ നേടിയെടുക്കേണ്ടതിന്റെ ആവശ്യകത വളരെ അധികമാണെന്ന് പ്രസ്താവനയിൽ പറയുന്നു.

അറബ്−ഇസ്രായേൽ സമാധാനത്തിനായി യുഎസ് നടത്തുന്ന ശ്രമങ്ങളെ അംഗീകരിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു. എന്നാൽ, കിഴക്കൻ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിച്ച് 1967−ലെ അതിർത്തി പ്രകാരം സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചില്ലെങ്കിൽ ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ലെന്നും ഇസ്രായേൽ സൈന്യത്തെ പിൻവലിച്ച് ഗാസ യുദ്ധം അവസാനിപ്പിക്കാനും സൗദി ആഹ്വാനം ചെയ്തിട്ടുണ്ട്.

പലസ്തീൻ രാഷ്ട്രത്തിൻ്റെ അംഗീകാരം വേഗത്തിലാക്കാൻ യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളോട് സൗദി ആവശ്യപ്പെട്ടു. ഇസ്രായേൽ−ഹമാസ് ആക്രമണം ആരംഭിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് സൗദി അറേബ്യയും ഇസ്രയേലും പരസ്പരം ബന്ധം സാധാരണ നിലയിലാക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെയാണ് യുദ്ധത്തിന്റ വർധനവ്. ഗാസയിൽ യുദ്ധം ആരംഭിച്ചതോടെ സൗദി കരാർ താൽക്കാലികമായി മരവിപ്പിക്കുകയായിരുന്നു. യുഎസുമായുള്ള പ്രതിരോധ ഉടമ്പടിക്ക് പകരമായി സൗദി അറേബ്യ ഇസ്രായേലുമായി ഒരു കരാറിന് തയ്യാറെടുത്തിരുന്നു. ഇതും ഗാസയിലെ ഇസ്രയേൽ ആക്രമണത്തെ തുടർന്ന് പിൻവലിച്ചിരുന്നു. ഗാസയിൽ ആക്രമണം ശക്തമാക്കിയതോടെ സൗദി അറേബ്യ ഇസ്രയേലിന്അന്തിമ മുന്നറിയിപ്പ് നൽകിയിരുന്നു.

യുദ്ധം നാലു മാസം പിന്നിടുമ്പോൾ തെക്കൻനഗരമായ ഖാൻ യൂനിസിൽ യുദ്ധം രൂക്ഷമായിരിക്കുകയാണ്. ഒക്ടോബർ 7നുശേഷം ഇതുവരെ 27,585 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. 226 ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടു. താൽക്കാലിക വെടിനിർത്തലിന് ‌യുഎസ് മുൻകയ്യെടുത്തു തയാറാക്കിയ കരാറിനോടു ഹമാസ് അനുകൂലപ്രതികരണം അറിയിച്ചിട്ടുണ്ട്. കരാർ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഖത്തർ പ്രധാനമന്ത്രി ജാസിം അൽ താനിയാണ് ഹമാസ് അനുകൂല പ്രതികരണം സ്വീകരിച്ചതായി അറിയിച്ചത്. നിലവിൽ ഹമാസിൻ്റെ പ്രതികരണം അവലോകനം ചെയ്യുകയാണെന്നാണ് ഇസ്രയേലും അമേരിക്കയും പ്രതികരിച്ചത്.

article-image

asdasd

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed