റിയാദ് സ്വദേശിനി ഇനി ജോർദ്ദാൻ രാജകുമാരി
ജോർഡൻ തലസ്ഥാനമായ അമ്മാൻ വ്യാഴാഴ്ച സാക്ഷ്യംവഹിച്ചത് രാജകീയ പ്രൗഢി നിറഞ്ഞ അതിഗംഭീര വിവാഹത്തിന്. കിരീടാവകാശി പ്രിൻസ് ഹുസൈൻ ബിൻ അബ്ദുല്ലയുടെ വിവാഹമാണ് രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും വലിയ ആഘോഷമായി മാറിയത്. റിയാദ് സ്വദേശിനിയായ എൻജിനീയർ റജ്‍വ ഖാലിദ് അൽ സൈഫാണ് പ്രിൻസ് ഹുസൈൻ ബിൻ അബ്ദുല്ലയുടെ വധു. അമ്മാനിലെ സഹ്റാൻ കൊട്ടാരത്തിൽ മകന്റെ രാജകീയ വിവാഹ ചടങ്ങിന് നേതൃത്വം വഹിച്ചത് അബ്ദുല്ല രാജാവും പത്നി റാനിയ രാജ്ഞിയുമായിരുന്നു. നിക്കാഹിനുശേഷം മണവാട്ടി റജ്‍വയെ ജോർഡന്റെ രാജകുമാരിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. കിരീടാവകാശി ജോർഡന്റെ ഭരണനേതൃത്വം ഏറ്റെടുക്കുമ്പോൾ റജ്‍വ രാജ്ഞിയായി മാറും. രാജകീയ വിവാഹ ചടങ്ങുകളും നിക്കാഹിനുശേഷം സൽക്കാരം നടന്ന അൽഹുസൈനിയ കൊട്ടാരത്തിലേക്ക് തുറന്ന വാഹനത്തിൽ എത്തിയ ദമ്പതികളുടെ ചിത്രങ്ങളും വിഡിയോകളും സൗദി സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജോർഡൻ പൈതൃകം വിളിച്ചോതുന്ന ആഘോഷങ്ങളാണ് അമ്മാനിലെങ്ങും നടന്നത്.
ലോകരാജ്യങ്ങളിലെ നിരവധി ഭരണാധികാരികളും അവരുടെ പത്നിമാരും ഉദ്യോഗസ്ഥരുമടക്കം ഒട്ടനവധി പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. ഭാവി രാജാവിന്റെയും സൗദി അറേബ്യൻ വധുവിന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ ബ്രിട്ടനിലെ വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡിൽടണും അമ്മാനിലെത്തിയിരുന്നു. യു.എസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമവനിത ജിൽ ബൈഡനും സമൂഹ മാധ്യമങ്ങളിലൂടെ ദമ്പതികൾക്ക് ആശംസ അറിയിച്ചു.
കഴിഞ്ഞവർഷം ആഗസ്റ്റിൽ റിയാദിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം. നജ്ദിയൻ പ്രവിശ്യയായ സുദൈറിൽ ജനിച്ചുവളർന്ന, അൽ സെയ്ഫ് എൻജിനീയറിങ് ആൻഡ് കോൺട്രാക്റ്റിങ് കമ്പനി സ്ഥാപകനായ ഖാലിദ് അൽ സെയ്ഫിന്റെ നാല് മക്കളിൽ ഇളയവളാണ് 28കാരിയായ റജ്‍വ. മാതാവ് ഇസ്സ ബിൻത് നാഇഫ് അൽ സുദൈരി. ഫൈസൽ, നാഇഫ് എന്നിവർ സഹോദരന്മാരും ദാന സൈഫ് സഹോദരിയുമാണ്. സൗദി അറേബ്യയിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ റജ്‍വ ന്യൂയോർക്കിലെ സിറാക്കൂസ് യൂനിവേഴ്സിറ്റിയിൽനിന്ന് നിർമാണ കലയിലും ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആൻഡ് മർച്ചൈന്റസിങ്ങിൽനിന്ന് വിഷ്വൽ കമ്യൂണിക്കേഷനിലും ബിരുദം നേടിയിട്ടുണ്ട്. കുതിരസവാരിയിലും കരകൗശല വസ്തുക്കളിലും കമ്പമുള്ള റജ്‍വ ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകൾ നന്നായി കൈകാര്യം ചെയ്യും. 1994 ജൂൺ 28ന് ജനിച്ച പ്രിൻസ് ഹുസൈന് 15 വയസ്സുള്ളപ്പോഴാണ് പിതാവ് അബ്ദുല്ല രാജാവ് അദ്ദേഹത്തെ കിരീടാവകാശിയായി പ്രഖ്യാപിച്ചത്. 2016ൽ അന്താരാഷ്ട്ര ചരിത്രത്തിൽ യു.എസിലെ ജോർജ് ടൗൺ സർവകലാശാലയിൽനിന്നും തുടർന്ന് ബ്രിട്ടീഷ് മിലിട്ടറി കോളജിൽനിന്നും പ്രിൻസ് ഹുസൈൻ ബിരുദങ്ങൾ നേടി.
dgdxg