സൗദിയില്‍ തടവുകാർക്ക് കുടുംബത്തോടപ്പം താമസിക്കാൻ അവസരം

ജയിൽ തടവുകാർക്കായി ഫാമിലി ഹോം പദ്ധതി പുനരാരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. തടവുകാർക്ക് കുടുംബത്തോടപ്പം താമസിക്കാനുളള അവസരം നൽകുന്നതാണ് ഈ പദ്ധതി. കൊവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായാണ് ഫാമിലി ഹോം പദ്ധതി പുനരാരംഭിക്കാൻ തീരുമാനമായത്. അടുത്ത ഞായറാഴ്ച മുതൽ പദ്ധതി പുനരാരംഭിക്കുമെന്ന് സൗദി ജയിൽ വകുപ്പ് അറിയിച്ചു. ഒരു മാസത്തിൽ നിശ്ചിത ദിവസം തടവുകാർക്ക് കുടുംബവുമൊത്ത് ഒരുമിച്ച് താമസിക്കാം. ജയിലിനുളളിൽ പ്രത്യേകം സജ്ജീകരിച്ച ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളിലും ഫ്‌ളാറ്റുകളിലുമാണ് തടവുകാർക്ക് കുടുംബത്തിനൊപ്പം താമസിക്കാൻ അവസരം ലഭിക്കുക. തടവുകാരുടെയും കുടുംബാംഗങ്ങളുടെയും മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനും കുടുംബബന്ധങ്ങൾ നഷ്ടമാകാതെ നോക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി തുടക്കം കുറിച്ചത്. പിന്നീട് കൊവിഡ് മൂലം നിർത്തിവെക്കുകയായിരുന്നു. പദ്ധതി ഏറെ ഫലപ്രദമാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ആരംഭിക്കാൻ തീരുമാനമായത്. വ്യവസ്ഥകൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായാണ് മാസത്തിൽ നിശ്ചിത ദിവസങ്ങളിൽ തടവുകാരേയും കുടുംബങ്ങളേയും ജയിലുകൾക്കകത്തെ അപാർട്ട്‌മെന്റുകളിലും ഫ്‌ളാറ്റുകളിലും ഒരുമിച്ചു കഴിയാൻ സൗദി അറേബ്യ അനുവദിക്കുന്നത്.