സൗദിയിൽ ദേശീയ പതാകയെ അപമാനിച്ച 4 ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ

സൗദിയിൽ ദേശീയ പതാകയെ അപമാനിച്ച 4 ബംഗ്ലാദേശ് പൗരന്മാരെ ഇന്നലെ ജിദ്ദയിൽ വെച്ച് അറസ്റ്റ് ചെയ്തതായി മക്ക പോലീസ് അറിയിച്ചു. തുടർ നടപടികൾക്കായി നാല് പ്രതികളെയും പബ്ലിക് പ്രോസിക്യൂഷൻ റഫർ ചെയ്തതായും മക്ക പോലീസ് മാധ്യമ വിഭാഗം വ്യക്തമാക്കി. 1973(ഹിജ്‌റ 1393) ൽ പുറപ്പെടുവിച്ച ദേശീയ പതാകയുമായി ബന്ധപ്പെട്ട നിയമങ്ങളും ഭേദഗതികളുമനുസരിച്ച്, ആരെങ്കിലും സൗദിയുടെ ദേശീയ പതാകയോ, ദേശീയ ചിഹ്നങ്ങളോ, ഏതെങ്കിലും വിധത്തിൽ താഴെയിടുകയോ നിന്ദിക്കുകയോ അപമാനിക്കുകയോ ചെയ്താൽ, 3000 റിയാൽ പിഴയും ഒരു വർഷം തടവോ അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഏതെങ്കിലും ഒന്നോ അനുഭവിക്കേണ്ടി വരും.
സൗദിയുടെ സൗഹൃദ രാജ്യങ്ങളുടെ പതാകയെ അവഹേളിച്ചാലും ഇത്തരത്തിൽതന്നെ ശിക്ഷ ലഭിക്കും. മറ്റു രാജ്യങ്ങളുടെ ദേശീയ ചിഹ്നങ്ങളോ ലോഗോയോ അവഹേളിച്ചാലും സമാന ശിക്ഷാനടപടികൾ അനുഭവിക്കേണ്ടി വരും.