സ്വന്തമായി കൊവിഡ് ആന്റിജൻ പരിശോധന നടത്തുന്നതിനുള്ള ഉപകരണം സൗദി വിപണിയിലും
സ്വന്തമായി കൊവിഡ് ആൻ്റിജൻ പരിശോധന നടത്തുന്നതിനുള്ള ഉപകരണം സൗദി വിപണിയിലും ലഭ്യമായി തുടങ്ങി. പതിനഞ്ച് മിനുട്ടിനുള്ളിൽ ഫലമറിയാൻ സാധിക്കുന്നതാണ് പരിശോധന കിറ്റ്. കൊവിഡിന്റെ പുതിയ വകഭേദങ്ങളായ ഡെൽറ്റ ഒമിക്രോൺ എന്നിവയെ കണ്ടെത്താൻ ഈ പരിശോധനയിലൂടെ സാധിക്കും.സൗദി വിപണിയിൽ ഏകദേശം 45 റിയാലോളമാണ് ഇപ്പോൾ ഇതിൻ്റെ വില. വീടുകളിൽ വെച്ച് സ്വയം കോവിഡ് പരിശോധന നടത്തുന്ന ഉപകരണത്തിന്റെ പ്രവർത്തന രീതികൾ സൗദി ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
സ്വാബ് എടുക്കുന്നതിനുള്ള സ്വാബ് സ്റ്റിക്ക്, ടെസ്റ്റ് ട്യൂബ് ടെസ്റ്റ്യൂബ് ഹോൾഡർ, പരിശോധന ലായനി, ടെസ്റ്റ് ചെയ്യുന്നതിനുള്ള ഉപകരണം എന്നിവ ഉൾപ്പെടുന്നതാണ് പരിശോധന കിറ്റ്.
കിറ്റ് തുറക്കുന്നതിന് മുമ്പ് കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം. തുടർന്ന് ബോട്ടിൽ തുറന്ന് അതിനകത്തുളള ലായനി ടെസ്റ്റ്യൂബിലേക്ക് ഒഴിക്കണം. ടെസ്റ്റ്യൂബിൽ രേഖപ്പെടുത്തിയിരിക്കുന്ന അളവിൽ ലായനി ഉണ്ടെന്ന് പരിശോധനക്ക് മുമ്പായി ഉറപ്പാക്കേണ്ടതാണ്. പിന്നീട് സ്വാബ് സ്റ്റിക്ക് കവറിൽ നിന്ന് പുറത്തെടുത്ത് ഏകദേശം രണ്ട് സെന്റീമീറ്ററോളം മൂക്കിന്റെ രണ്ട് ദ്വാരങ്ങളിലൂടേയും കയറ്റി അഞ്ച് തവണ തിരിക്കേണ്ടതാണ്.
ശേഷം ലായനി ഒഴിച്ച് വെച്ച ടെസ്റ്റ് ട്യൂബിലേക്ക് സ്വാബ് സ്റ്റിക്ക് ഇറക്കി വെച്ച് അഞ്ചോ അതിൽ കൂടുതലോ തവണ തിരിക്കുകയും, പിന്നീട് സ്വാബ് സ്റ്റിക്ക് പതുക്കെ ഉയർത്തിയ ശേഷം സ്റ്റിക്കിൽ രേഖപ്പെടുത്തിയ ഭാഗം പതുക്കെ മുറിച്ച് കളയുകയും ചെയ്യുക. ശേഷിക്കുന്ന ഭാഗം ടെസ്റ്റ് ട്യൂബിനകത്ത് തന്നെ സൂക്ഷിക്കേണ്ടതാണ്.
ഇതിന് ശേഷം നീല അടപ്പ് ഉപയോഗിച്ച് ടെസ്റ്റ് ട്യൂബ് അടച്ച് വെച്ച് ഹോൾഡറിൽ സൂക്ഷിക്കുകയും, ടെസ്റ്റ് ചെയ്യുന്നതിനുള്ള ഉപകരണം അതിന്റെ പാക്കറ്റിൽ നിന്നും പുറത്തെടുത്ത് നിരപ്പായ പ്രതലത്തിൽ വെക്കുകയും വേണം. ടെസ്റ്റ്യൂബിനകത്ത് രൂപപ്പെട്ട കുമിളകൾ ഇല്ലാതായെന്ന് ഉറപ്പാക്കിയ ശേഷം ടെസ്റ്റ്യൂബിന്റെ താഴ് ഭാഗത്തുള്ള വെളള നിറത്തിലുള്ള അടപ്പ് തുറന്ന് ടെസ്റ്റ്യൂബിന്റെ ഇരു വശങ്ങളിലും പതുക്കെ അമർത്തികൊണ്ട് അഞ്ച് തുള്ളികൾ പരിശോധന ഉപകരണത്തിലേക്ക് പകരേണ്ടതാണ്.
പതിനഞ്ച് മുതൽ 20 മിനുട്ടിനുള്ളിൽ ഫലം അറിയാനാകും. ഇതിനിടയിൽ പരിശോധന ഉപകരണം ചലിപ്പിക്കുവാനോ സ്പർശിക്കുവാനോ പാടുള്ളതല്ല. സി എന്ന് രേഖപ്പെടുത്തിയിട്ടുള്ള കൺട്രോൾ ലൈനിന് നേരെ ചുവന്ന വര തെളിഞ്ഞിട്ടില്ലെങ്കിൽ അഥവാ ടെസ്റ്റ് എന്ന ടി ലൈനിന് നേരെ മാത്രമാണ് ഒരു ചുവന്ന വര തെളിഞ്ഞതെങ്കിൽ പരിശോധന ശരിയായിട്ടില്ലെന്നാണ് മനസ്സിലാക്കേണ്ടത്.
എന്നാൽ സി ക്ക് നേരെയും ടിക്ക് നേരയെുമായി രണ്ട് ചുവന്ന വരകൾ തെളിഞ്ഞാൽ കൊവിഡ് പോസിറ്റീവാണെന്നും, സി എന്നതിന് നേരെ മാത്രമാണ് ചുവന്ന വര തെളിഞ്ഞതെങ്കിൽ കോവിഡ് നെഗറ്റീവാണെന്നുമാണ് മനസ്സിലാക്കേണ്ടത്. പരിശോധന പൂർത്തിയാക്കിയ ശേഷം മുഴുവൻ ഉപകരണങ്ങളും അതേ പാക്കറ്റിൽ തിരിച്ച് വെച്ച് നശിപ്പിക്കേണ്ടതാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.