സൗ­ദി­യിൽ പദവി­ ശരി­യാ­ക്കാ­ത്ത സ്വകാ­ര്യ സ്‌കൂ­ളു­കൾ അടപ്പി­ക്കു­ന്നു­


റിയാദ് : മാനദണ്ധങ്ങൾ പാലിച്ച് പദവി ശരിയാക്കുന്നതിന് ഇനിയും പദ്ധതി സമർപ്പിക്കാത്ത സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകൾ അടപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ നിർമ്മിച്ച കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിൽ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിന് ലക്ഷ്യമിട്ട് വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച പദ്ധതിയാണിത്. മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് തത്‌വീർ കന്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ നിർമ്മിച്ച 1,412 സ്‌കൂളുകളെ പദ്ധതി ലക്ഷ്യമിടുന്നു.

പദവി ശരിയാക്കുന്നതിനുള്ള മൂല്യനിർണയത്തിൽ 49 പോയിന്റും അതിൽ കുറവും ലഭിച്ച സ്‌കൂളുകൾക്ക് ഒരു വർഷത്തെ സാവകാശം മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. ഇത് അടുത്ത അധ്യയന വർഷാവസാനം അവസാനിക്കും. ഈ സ്‌കൂളുകളിൽ പുതിയ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതും മറ്റു സ്‌കൂളുകളിൽ നിന്ന് മാറ്റിച്ചേർക്കുന്നതും നിർത്തിവെക്കും. അപേക്ഷ സമർപ്പിച്ചാൽ സ്‌കൂൾ കെട്ടിടങ്ങൾ വീണ്ടും പരിശോധിച്ച് മൂല്യനിർണയം നടത്തുകയോ അടുത്ത അധ്യയന വർഷാവസാനം അടപ്പിക്കുകയോ ചെയ്യും.

പദ്ധതി അനുസരിച്ച് മൂല്യനിർണയത്തിൽ 50 മുതൽ 80 വരെ പോയിന്റ് ലഭിച്ച സ്‌കൂളുകൾക്ക് രണ്ടു വർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ അനുമതി പ്രകാരമുള്ള നിശ്ചിത ശേഷി എത്തിക്കഴിഞ്ഞാൽ ഈ സ്‌കൂളുകളിൽ പുതിയ പ്രവേശനങ്ങളും മാറ്റിച്ചേർക്കലുകളും നിർത്തിവെക്കും. ആവശ്യമായ മാറ്റങ്ങൾ വരുത്തി അപേക്ഷിക്കുന്ന പക്ഷം കെട്ടിടങ്ങൾ പരിശോധിച്ച് വീണ്ടും മൂല്യനിർണയം നടത്തുകയോ അധ്യയന വർഷാവസാനത്തിൽ സ്‌കൂളുകൾ അടച്ചുപൂട്ടുകയോ ചെയ്യും.

മൂല്യനിർണയത്തിൽ 80 ഉം അതിലേറെയും പോയിന്റുകൾ ലഭിച്ച സ്‌കൂളുകൾക്ക് നാല് വർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ആവശ്യമായ മാറ്റങ്ങൾ വരുത്തി സ്‌കൂളുകൾ അപേക്ഷിക്കുന്ന പക്ഷം കെട്ടിടങ്ങൾ പരിശോധിച്ച് വീണ്ടും മൂല്യനിർണയം നടത്തുകയോ സാവകാശം നൽകിയ സമയം അവസാനിക്കുന്ന മുറക്ക് സ്‌കൂളുകൾ അടച്ചുപൂട്ടുകയോ ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

You might also like

Most Viewed