സൗദി തലസ്ഥാന നഗരിയുടെ സ്വപ്ന പദ്ധതി റിയാദ് മെട്രോ റെയിൽ യാഥാർഥ്യമായി
റിയാദ്: സൗദി തലസ്ഥാന നഗരിയുടെ സ്വപ്ന പദ്ധതികളിൽ പ്രധാനപ്പെട്ട റിയാദ് മെട്രോ റെയിൽ യാഥാർഥ്യമായി. സൗദി ഭരണാധികാരി കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് മെട്രോ റെയിൽ രാജ്യത്തിന് സമർപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടോടെ റിയാദിൽ അൽയമാമ കൊട്ടാരത്തിൽ പ്രത്യേകം സജ്ജീകരിച്ച ഓൺലൈൻ സംവിധാനത്തിലൂടെയാണ് രാജാവ് ബ്ലൂ, റെഡ്, വയലറ്റ് എന്നീ മൂന്ന് നിറത്തിലുള്ള മെട്രോ ലൈനുകളുടെ സ്വിച്ച് ഓൺ കർമം നടത്തിയത്.
ആദ്യഘട്ടമായി നഗര ഹൃദയമായ ബത്ഹ, മെട്രോപൊളിറ്റൻ കേന്ദ്രമായ ഒലയ, തെക്കൻ നഗരപ്രാന്തത്തിലെ താഴ്വരപ്രദേശമായ അൽ ഹൈർ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ബ്ലൂ ലൈൻ, കിങ് അബ്ദുല്ല റോഡിനോട് ചേർന്നുള്ള റെഡ് ലൈൻ, അബ്ദുൽ റഹ്മാൻ ബിൻ ഔഫ്, ശൈഖ് ഹസൻ ബിൻ ഹുസൈൻ എന്നീ നഗരവീഥികളോട് ചേർന്നുള്ള വയലറ്റ് ലൈൻ എന്നിവയിലൂടെയുള്ള ട്രെയിനുകളുടെ സർവിസിനാണ് ഔപചാരിക തുടക്കം കുറിച്ചത്.
ഡിസംബർ ഒന്നിന് ഞായറാഴ്ച മുതൽ പൊതു ജനങ്ങൾക്ക് മെട്രോ യാത്ര ആരംഭിക്കും. സാബ് ഹെഡ് ഓഫിസ്, സുലൈമാൻ ഹബീബ് ആശുപത്രി, കിങ് അബ്ദുള്ള ഫിനാൻഷ്യൽ സിഡ്ട്രിക് (കെ.എ.എഫ്.ഡി-1), അൽ മുറൂജ്, കിങ് ഫഹദ് ഡിസ്ട്രിക്റ്റ്, കെ.എ.എഫ്.ഡി-2, ലെഡ് ലൈൻ ജങ്ഷൻ, അൽ വുറൂദ് 2, അൽ ഉറൂബ, അലിൻമ ബാങ്ക്, അൽ ബിലാദ് ബാങ്ക്, കിങ് ഫഹദ് ലൈബ്രറി, ഇന്റീരിയർ മിനിസ്ട്രി, മുറബ്ബ, ജവാസാത്ത്, മുറബ്ബ മ്യുസിയം, ബത്ത സ്റ്റേഷൻ, ഓറഞ്ച് ജങ്ഷൻ, അൽ ഊദ്, സകീറീന, മൻഫൂഅ, അൽ ഈമാൻ ആശുപത്രി, അസീസിയ ബസ് സ്റ്റേഷൻ, അൽ അസീസിയ, ദാർ അൽ ബൈദ എന്നി 25 സ്റ്റേഷനുകളാണ് പ്രധാന റൂട്ടായ ബ്ലൂ ലൈനിലുള്ളത്.
എല്ലാ ദിവസവും രാവിലെ ആറ് മുതൽ രാത്രി 12 മണി വരെ മെട്രോ ട്രാക്കിലുണ്ടാകും. ആറ് ട്രാക്കുകളിലൂടെയും മെട്രോ ഓടിത്തുടങ്ങിയാൽ ദിനേന പത്ത് ലക്ഷം യാത്രികർക്ക് സേവനം നൽകാനാകും. ജനുവരി അഞ്ചിനാണ് ഓറഞ്ച് ലൈൻ ഓടിത്തുടങ്ങുക. ഇതോടെ രാജ്യത്തെ പ്രഥമ മെട്രോ റെയിൽ സംവിധാനം റിയാദ് നഗരത്തിൽ പൂർണതയിലെത്തും.
കിങ് അബ്ദുൽ അസീസ് പൊതുഗതാഗത സംവിധാനത്തിലുള്ള മെട്രോ യാത്രാനിരക്ക് പ്രഖ്യാപിച്ചതോടെ നഗരത്തിലെ ജനകീയയാത്ര സംവിധാനവുമാകും റിയാദ് മെട്രോ. രണ്ട് മണിക്കൂർ യാത്രക്ക് നാല് റിയാലും, മൂന്ന് ദിവസത്തെ ഒന്നിച്ചുള്ള ടിക്കറ്റിന് 20 റിയാലും, ഏഴ് ദിവസത്തെ ടിക്കറ്റിന് 40 റിയാലും, ഒരു മാസത്തെ മുഴുനീള യാത്രക്ക് 140 റിയാലുമാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച ടിക്കറ്റ് നിരക്കുകൾ. റിയാദ് മെട്രോ ട്രെയിനുകൾഎല്ലാ ടിക്കറ്റിലും അതാത് സമയപരിധിക്കുള്ളിൽ ബസുകളിലും മെട്രോയിലും പരിധിയില്ലാത്ത യാത്ര ചെയ്യാം.
ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാത്ര പൂർണമായും സൗജന്യമായിരിക്കും. റിയാദ് ബസ് ആപ് വഴിയും ദർബ് ആപ് വഴിയും, മറ്റ് ബാങ്ക് കാർഡുകൾ ഉപയോഗിച്ചും ടിക്കറ്റുകൾ സ്വന്തമാക്കാം.
മെട്രോ സ്റ്റേഷനുകളെയും നഗരത്തിലെ മുക്കുമൂലകളെയും ബന്ധിപ്പിച്ചുകൊണ്ട് റിയാദ് ബസ് സർവിസുമുണ്ടാകും. കടുത്ത ട്രാഫിക് കുരുക്കിൽനിന്ന് നഗരത്തെ മോചിപ്പിക്കുന്ന പദ്ധതി യാഥാർഥ്യമായ ആഹ്ലാദത്തിലാണ് നഗരവാസികളും സന്ദർശകരും.
dfhgh