സൗദിയിൽ 500 പുരാവസ്തു കേന്ദ്രങ്ങൾകൂടി ദേശീയ പൈതൃക പട്ടികയിൽ
യാംബു: സൗദിയിൽ 500 പുരാവസ്തു കേന്ദ്രങ്ങൾകൂടി ഉൾപ്പെടുത്തി ദേശീയ പൈതൃക രജിസ്റ്റർ വിപുലീകരിക്കുന്നു. ഇതോടെ രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത പൈതൃക സ്ഥലങ്ങളുടെ എണ്ണം 4,540 ആയെന്ന് ഹെറിറ്റേജ് കമീഷൻ വ്യക്തമാക്കി. ആയിരക്കണക്കിന് വർഷങ്ങളായി വിവിധ നാഗരികതകളുടെ ആസ്ഥാനമായ സൗദി അറേബ്യയുടെ ചരിത്രപരമായ ആഴം ഈ സ്ഥലങ്ങൾ ഉയർത്തിക്കാട്ടുന്നു. പുതുതായി ഉൾപ്പെടുത്തിയ സ്മാരകങ്ങളിൽ 413 കേന്ദ്രങ്ങൾ റിയാദ് മേഖലയിലാണ്.
മക്ക മേഖലയിൽ 39, അൽ ബാഹയിൽ 25, ഹാഇലിൽ ആറ്, ജിസാനിൽ അഞ്ച്, അസീറിലും നജ്‌റാനിലും കിഴക്കൻ പ്രവിശ്യയിലും നാല് വീതവും അൽ ജൗഫ്, തബൂക്ക്, ഖസീം പ്രവിശ്യകളിൽ ഓരോന്ന് വീതവും പുരാവസ്തു സ്ഥലങ്ങളാണ് ഇപ്പോൾ രേഖപ്പെടുത്തിയതെന്ന് സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് (എസ്.സി.ടി.എച്ച്) അറിയിച്ചു. രാജ്യത്തെ പൈതൃക കേന്ദ്രങ്ങളും പുരാവസ്തുക്കളും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് എസ്.സി.ടി.എച്ച് ദേശീയ രജിസ്റ്റർ ആരംഭിച്ചത്.
പ്രാദേശികവും അന്തർ ദേശീയവുമായ നിരവധി സന്നദ്ധ സംഘങ്ങൾ രാജ്യത്ത് ഇതിനായി പ്രവർത്തിക്കുന്നുണ്ട്. പുരാവസ്തുക്കളും ചരിത്ര സ്ഥലങ്ങളും കണ്ടെത്താനും രേഖപ്പെടുത്താനും സംരക്ഷിക്കാനും ഹെറിറ്റേജ് കമീഷൻ രാജ്യത്തെ പൗരന്മാരുടെയും സന്ദർശകരുടെയും സഹകരണം അഭ്യർഥിച്ചു.
sdfdsf