സൗദി അറേബ്യയിൽനിന്ന് രണ്ട് ജിയോ പാർക്കുകൾ യുനെസ്കോ പട്ടികയിലേക്ക്
റിയാദ്: സൗദി അറേബ്യയിൽനിന്ന് രണ്ട് ജിയോ പാർക്കുകൾ യുനെസ്കോയുടെ ഗ്ലോബൽ ജിയോ പാർക്ക് പട്ടികയിലേക്ക്. തലസ്ഥാന നഗരത്തോട് ചേർന്ന് കിടക്കുന്ന തുവൈഖ് മലനിര പ്രദേശമായ ‘നോർത്ത് റിയാദ്’, ഹാഇലിലെ ‘സൽമ’ എന്നീ ഭൗമപ്രദേശങ്ങളുടെ നാമനിർദേശങ്ങളാണ് യുനെസ്കോ ഗ്ലോബൽ ജിയോ പാർക്ക് പ്രോഗ്രാമിന്റെ കോഓഡിനേറ്റിങ് കൗൺസിൽ അംഗീകരിച്ചത്. ദേശീയ സസ്യമേഖല വികസനത്തിനും മരുഭൂവത്കരണം തടയുന്നതിനുമുള്ള സൗദി ദേശീയകമീഷനും സൗദി നാഷനൽ കമീഷൻ ഫോർ എജുക്കേഷൻ, കൾചർ ആൻഡ് സയൻസുമാണ് ഇക്കാര്യം അറിയിച്ചത്. ഭൂമിശാസ്ത്രപരമായ പൈതൃകം സംരക്ഷിക്കുന്നതിലും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിലും സൗദി അറേബ്യയുടെ പ്രവർത്തനപദ്ധതികൾ പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ ഈ മാസം എട്ട്, ഒമ്പത് തീയതികളിൽ വിയറ്റ്നാമിൽ ചേർന്ന കൗൺസിലിന്റെ ഒമ്പതാമത് യോഗത്തിലാണ് നാമനിർദേശം അംഗീകരിക്കപ്പെട്ടതായുള്ള പ്രഖ്യാപനമുണ്ടായത്.
പ്രാദേശിക സമൂഹങ്ങളുമായി ഇടപഴകുന്നതിന് ഊന്നൽ നൽകി സംരക്ഷണം, വിദ്യാഭ്യാസം, സുസ്ഥിര വികസനം എന്നിവ സംയോജിപ്പിച്ച് സമഗ്രമായ രീതിയിൽ ആഗോള പ്രാധാന്യമുള്ള ഭൂമിശാസ്ത്ര മേഖലകൾ കൈകാര്യം ചെയ്യുന്നതിനുള്ള കൃത്യമായ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ജിയോ പാർക്കുകളെ തിരഞ്ഞെടുക്കുന്നത്. കൗൺസിലിന്റെ ഒമ്പതാമത് യോഗം ഇത്തരത്തിലുള്ള 21 ഭൗമപ്രദേശങ്ങളെ കുറിച്ച് പഠിക്കുകയും അതിൽ 15 എണ്ണത്തിന്റെ നാമനിർദേശം അംഗീകരിക്കുകയും ചെയ്തു. 2025 മാർച്ചിൽ ചേരുന്ന യുനെസ്കോ ജനറൽ കോൺഫറൻസിൽ ഈ പ്രദേശങ്ങളുടെ അംഗീകാരം സംബന്ധിച്ച അന്തിമ പ്രഖ്യാപനമുണ്ടാകും. അതോടെ സൗദി ആദ്യമായി യുനെസ്കോ ഗ്ലോബൽ ജിയോ പാർക്ക് നെറ്റ്‌വർക്കിൽ ഇടംപിടിക്കും. യുനെസ്‌കോയുടെ പ്രസ്താവന പ്രകാരം പുതുതായി നാമനിർദേശം ചെയ്യപ്പെട്ട കേന്ദ്രങ്ങളുടെ അന്തിമ അംഗീകാരം ലഭിച്ചാൽ ലോകമെമ്പാടുമുള്ള 49 രാജ്യങ്ങളിലായി ആഗോള ജിയോ പാർക്കുകളുടെ എണ്ണം 228 ആവും.
hjfhjfhj