ചൈന-സൗദി വ്യാപാരം ശക്തി പ്രാപിക്കുന്നു
റിയാദ്: ചൈന മിഡിലീസ്റ്റിലെ തങ്ങളുടെ ആദ്യ വ്യാപാര പങ്കാളിയായ സൗദി അറേബ്യയുമായി നടത്തിയത് 4,800 കോടി ഡോളറിന്റെ വ്യാപാരം. വ്യാപാരത്തിൽ മാത്രമല്ല സാമ്പത്തിക, നിക്ഷേപ ബന്ധങ്ങളുടെയും മൂല്യം കുതിച്ചുയർന്നതിൽ ഇരു രാജ്യങ്ങളും പരസ്പരം പ്രശംസിച്ചു. സൗദി അറേബ്യയുടെ ആദ്യത്തെ വ്യാപാര പങ്കാളിയാണ് ചൈന. 2024 ജൂൺ വരെ നടന്ന വ്യാപാര വിനിമയത്തിന്റെ അളവാണ് 4,800 കോടി ഡോളർ. ഇരുരാജ്യങ്ങൾക്കുമിടയിലെ കയറ്റുമതി ഇറക്കുമതി വ്യാപാരത്തിലൂടെയാണ് ഇതുണ്ടായത്. വ്യാഴാഴ്ച റിയാദിൽ സമാപിച്ച സൗദി-ചൈനീസ് ഉന്നതതല സംയുക്ത സമിതിയുടെ നാലാമത് യോഗത്തിന്റെ അന്തിമ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും സംയുക്ത സമിതിയോഗത്തിൽ പങ്കെടുക്കുന്നതിനുമായി ചൈനീസ് പ്രധാനമന്ത്രി ലി ഖിയാങ് ബുധനാഴ്ച റിയാദിലെത്തിയിരുന്നു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്ത ബന്ധം അവലോകനം ചെയ്തു. എല്ലാ മേഖലകളിലും അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ആശയങ്ങൾ, പൊതുതാൽപര്യമുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിലെ കാഴ്ചപ്പാടുകൾ എന്നിവ കൈമാറി.
സാമ്പത്തിക, വ്യാപാര, നിക്ഷേപ ബന്ധങ്ങളുടെ നിലവാരത്തെ ഇരുപക്ഷവും പ്രശംസിച്ചു. സംയുക്തസമിതി യോഗത്തിൽ സൗദി കിരീടാവകാശിയും ചൈനീസ് പ്രധാനമന്ത്രിയും ഇരുപക്ഷത്തെയും അധ്യക്ഷന്മാരായി. രാഷ്ട്രീയം, സുരക്ഷ, സൈനികം, ഊർജം, വ്യാപാരം, നിക്ഷേപം, ധനകാര്യം, ശാസ്ത്രം, സാങ്കേതികവിദ്യ, സംസ്കാരം, വിനോദസഞ്ചാരം തുടങ്ങി എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ യോഗം ചർച്ച ചെയ്തു. യോഗം മിനിറ്റ്സിൽ അമീർ മുഹമ്മദ് ബിൻ സൽമാനും ലി ഖിയാങ്ങും ഒപ്പുവെച്ചു. സമഗ്രവും തന്ത്രപരവുമായ പങ്കാളിത്ത ഉടമ്പടിയും ഉന്നതതല സംയുക്തസമിതി രൂപവത്കരിക്കുന്നതിനുമുള്ള കരാറും ഒപ്പുവെച്ചതിനുശേഷം സൗദിയും ചൈനയും തമ്മിലുള്ള ബന്ധം ഗുണപരമായ വലിയ മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇരു രാജ്യങ്ങളും മാറിമാറി അവരുടെ പ്രവർത്തനങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നു. 2019ലെ കിരീടാവകാശിയുടെ ബെയ്ജിങ് സന്ദർശനം ബന്ധങ്ങൾ ദൃഢമാക്കുന്നതിന് കാരണമായി. ഈ സമയത്ത് മൂന്നാമത് സംയുക്തിസമിതി യോഗം നടന്നിരുന്നു. ‘സൗദി വിഷൻ 2030’നും ‘ബെൽറ്റ് ആൻഡ് റോഡ്’ ഇനിഷ്യേറ്റിവിനും ഇടയിലുള്ള വിന്യാസവും സംയോജനവും മെച്ചപ്പെടുത്തുന്നതിനും വിവിധമേഖലകളിൽ ഇരുപക്ഷവും തമ്മിലുള്ള സഹകരണം വികസിപ്പിക്കുന്നതിനും സൗദി, ചൈനീസ് സർക്കാറുകൾ വലിയ പ്രധാന്യമാണ് നൽകുന്നത്. സൗദിയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. 2022-ൽ 150 കോടി ഡോളറിനെ അപേക്ഷിച്ച് 2023-ൽ 1,680 കോടി ഡോളറായി നിക്ഷേപം ഉയർന്നു. അതേസമയം ചൈനയിലെ സൗദി നിക്ഷേപത്തിന്റെ മൂല്യം 7,500 കോടി റിയാലിലെത്തി.
വിദ്യാഭ്യാസ മേഖലയിലെ സഹകരണം ശ്രദ്ധേയമായ വികാസത്തിന് സാക്ഷ്യം വഹിച്ചു. സൗദി വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ചൈനീസ് ഭാഷ ഉൾപ്പെടുത്തുകയും നടപ്പുവർഷം ചൈനീസ് ഭാഷ പഠിപ്പിക്കാൻ 171 ചൈനീസ് അധ്യാപകരെ റിക്രൂട്ട്ചെയ്യുകയും ചെയ്തു. ഈ വർഷം ചൈനയിൽനിന്നുള്ള വിനോദസഞ്ചാരികളുടെ ഔദ്യോഗിക വിനോദസഞ്ചാര കേന്ദ്രമായി സൗദി അറേബ്യയെ അംഗീകരിച്ചതിന് ശേഷം ടൂറിസം മേഖലയിൽ ഗുണപരമായ പുരോഗതിക്ക് സാക്ഷ്യം വഹിച്ചു. 2030-ഓടെ 50 ലക്ഷത്തിലധികം ചൈനീസ് വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്.
sdfsf