സ്ത്രീകൾക്ക് തൊഴിൽ; ജി20 രാജ്യങ്ങൾക്കിടയിൽ ഒന്നാം സ്ഥാനത്ത് സൗദി അറേബ്യ


ദമ്മാം: സ്ത്രീകൾക്ക് തൊഴിൽ ഉറപ്പാക്കുന്ന കാര്യത്തിൽ ജി20 രാജ്യങ്ങൾക്കിടയിൽ ഒന്നാം സ്ഥാനത്ത് സൗദി അറേബ്യ. നാഷനൽ ലേബർ ഒബ്‌സർവേറ്ററി പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. തൊഴിൽ വിപണിയിലെ സ്ത്രീകളുടെ വളർച്ചാനിരക്ക് 5.5 ശതമാനമായി ഉയർന്നു. നിരവധി കാരണങ്ങളാണ് ഈ നേട്ടത്തിനു പിന്നിൽ. മാനവവിഭവശേഷി മന്ത്രാലയം ആവിഷ്കരിച്ച സ്ത്രീ പങ്കാളിത്തത്തെ പിന്തുണക്കുന്ന സംരംഭങ്ങൾ, ജനസംഖ്യയുടെ മൂന്നിലൊന്ന് വരുന്ന യുവജനങ്ങളുടെ സാന്നിധ്യം എന്നിവയാണ് ഈ വളർച്ചയെ സ്വാധീനിച്ച പ്രധാന ഘടകങ്ങൾ.പുരുഷ ജീവനക്കാരുടെ വളർച്ചാനിരക്കിൽ ഒബ്സർവേറ്ററി റിപ്പോർട്ട് അനുസരിച്ച് ജി20 രാജ്യങ്ങൾക്കിടയിൽ രണ്ടാം സ്ഥാനത്താണ് സൗദി. പൗരർക്ക് തൊഴിൽ നൽകുന്ന കാര്യത്തിൽ ഗ്രൂപ്പിലെ മികച്ച 10 രാജ്യങ്ങളിലൊന്നായി മാറി സൗദി അറേബ്യ.
അതേസമയം സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്കിലാണ് 57 ശതമാനവുമായി ഒന്നാം സ്ഥാനത്തെത്തി രാജ്യം ഏറ്റവും തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയത്. ഈ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി നേടുന്ന സ്വദേശി പൗരരുടെ എണ്ണം ജൂൺ മാസത്തെ അപേക്ഷിച്ച് ജുലൈയിൽ ഇരട്ടിയായി. ജൂണിൽ 16,500 പേർ പുതുതായി ജോലിയിൽ പ്രവേശിച്ചപ്പോൾ ജൂലൈയിൽ അത് ഇരട്ടിയായി. 34,600 പേർക്കാണ് പുതുതായി ജോലി ലഭിച്ചത്. ഒരു മാസത്തിനുള്ളിൽ തൊഴിൽ നേടിയവരുടെ എണ്ണം ഇരട്ടിയായത് സൗദി സമ്പദ് വ്യവസ്ഥയിലെ സ്വകാര്യ മേഖലയുടെ കരുത്ത് തെളിയിക്കുന്നതാണ്. സ്വകാര്യ മേഖലയിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 11,473,000 ആയെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വദേശികൾക്ക് തൊഴിൽ നൽകുന്നതിനൊപ്പം പ്രവാസികൾക്കും തൊഴിൽ ഉറപ്പാക്കുന്ന കാര്യത്തിൽ രാജ്യം മുന്നോട്ടാണ്. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം ജൂലൈയിൽ 9,131,000 ആയി ഉയരുകയാണ് ചെയ്തത്. സ്വദേശി വിദേശി തൊഴിൽ പങ്കാളിത്ത നിരക്ക് 2016ലെ 55 ശതമാനത്തിൽനിന്ന് 2021ൽ 61.2 ശതമാനമായി ഉയർന്നതായി ഒബ്സർവേറ്ററി അടുത്തിടെ വെളിപ്പെടുത്തി. ഇത് സൗദി അറേബ്യയെ ജി20 രാജ്യങ്ങളിലെ തൊഴിൽ പങ്കാളിത്ത നിരക്കിൽ 6.2 ശതമാനം വർധിപ്പിച്ച് രണ്ടാം സ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.
വിവിധ മേഖലകളിലെ തൊഴിൽ വളർച്ചക്കും പ്രാദേശികവൽക്കരണത്തിനും പിന്തുണ നൽകുന്നതിനൊപ്പം, തൊഴിൽ വിപണിയിൽ ആവശ്യമായ പരിശീലനങ്ങൾ നൽകുക, മൂലധനം വികസിപ്പിക്കുന്നതിനുള്ള ആശയങ്ങൾ രൂപപ്പെടുത്തുക എന്നിവയാണ് രാജ്യത്തെ തൊഴിൽ നിരക്ക് വർധിപ്പിക്കുന്നതിനുള്ള ഘടകങ്ങളെന്ന് നാഷനൽ ലേബർ ഒബ്സർവേറ്ററി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക വികാസങ്ങളുടെ വെളിച്ചത്തിൽ ഭാവിയിലേക്കുള്ള തൊഴിൽസേനയുടെ കഴിവുകൾ വികസിപ്പിക്കുക, റിമോട്ട് വർക്ക് ഉൾപ്പെടെയുള്ള ആധുനിക തൊഴിൽ പാറ്റേണുകളിൽ പങ്കാളിത്തം വർധിപ്പിക്കുക, സാമൂഹിക സംരക്ഷണം തുടങ്ങിയ സഹായ നയങ്ങളും പ്രോഗ്രാമുകളും വികസിപ്പിക്കുക എന്നിവയും തൊഴിൽ നിരക്ക് വർധിപ്പിക്കുന്നതിനുള്ള ഘടകങ്ങളിൽ ഉൾപ്പെടുന്നു. സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് ഈ വർഷത്തെ ആദ്യ മൂന്നുമാസത്തിൽ ഏഴ് ശതമാനമായി കുറഞ്ഞു എന്നതും ശ്രദ്ധേയമാണ്. സ്വകാര്യമേഖല നൽകിയ പിന്തുണയാണ് ഈ മികച്ച നേട്ടത്തിനു പിന്നിൽ.

article-image

ിപരിര

You might also like

Most Viewed