ഭൂമി കൈയേറ്റം തടയാൻ ശക്തമായ നടപടികളുമായി മക്ക മുനിസിപ്പാലിറ്റി
മക്ക: മക്ക മേഖലയിൽ 2,70,000 ചതുരശ്ര മീറ്റർ ഭൂമി കൈയേറ്റങ്ങൾ ഒഴിപ്പിച്ച് മുനിസിപ്പാലിറ്റി. കഴിഞ്ഞ മൂന്നു മാസത്തിനിടയിലാണ് നടപടി. സർക്കാർ ഭൂമിയിലും കൃഷിയിടങ്ങളിലുമായിരുന്നു കൈയേറ്റങ്ങൾ. ഒഴിപ്പിച്ചെടുത്ത സ്ഥലങ്ങൾ മേഖലയിലെ വിവിധ പ്രദേശങ്ങളിലും ടൗൺഷിപ്പുകളിലുമാണെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. സബ് മുനിസിപ്പാലിറ്റികളിലെ (ബലദിയ) പ്രത്യേക സംഘമാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടികൾ കൈക്കൊണ്ടത്.
മക്കയിലെ ഭൂമികൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിനുള്ള വിപുലമായ കാമ്പയിന്റെ ഭാഗമാണിത്. നീക്കം ചെയ്തതിൽ 1,18,000 അനധികൃത കൃഷിയിടങ്ങൾ, 39,000 ചതുരശ്ര മീറ്റർ കൽക്കെട്ടുകൾ, 53,000 ചതുരശ്ര മീറ്റർ സിമൻറ് വേലിക്കെട്ടുകൾ തുടങ്ങിയവ ഉൾപ്പെടും. ഭൂമികൈയേറ്റം പോലുള്ള നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് മുനിസിപ്പാലിറ്റിക്ക് കീഴിൽ തൽസ്ഥല സന്ദർശനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. കൈയേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ഒരു അലംഭാവവുമുണ്ടാകുകയില്ലെന്നും അധികൃതർ വ്യക്തമാക്കി.
ssxfvdsf