ഈ വർഷത്തെ ഹജ്ജ് തീർഥാടനം ബുധനാഴ്ച സമാപിക്കും
ഈ വർഷത്തെ ഹജ്ജ് തീർഥാടനം ബുധനാഴ്ച സമാപിക്കും. മൂന്ന് ജംറകളിലും കല്ലേറ് പൂർത്തിയാക്കി മസ്ജിദുൽ ഹറമിൽ കഅബയെ ചുറ്റി വിടപറയൽ ത്വവാഫ് (കഅ്ബ പ്രദക്ഷിണം) നിർവഹിക്കുന്നതോടെയാണ് ഹജ്ജ് കർമ്മങ്ങൾ സമാപിക്കുക. വലിയൊരു ഭാഗം തീർത്ഥാടകർ ചൊവ്വാഴ്ച ജംറ അൽ ഔല, ജംറ അൽ വുസ്ത, ജംറ അൽ അഖബ എന്നീ മൂന്ന് ജംറകളിലും കല്ലേറ് പൂർത്തിയാക്കി. മിനയിലെ ടെന്റുകളിലേക്ക് മടങ്ങുന്നതിന് മുമ്പ് വിടവാങ്ങൽ ത്വവാഫ് നടത്തി. നിരവധി ആഭ്യന്തര തീർഥാടകരും ജിസിസി രാജ്യങ്ങളിലെ തീർഥാടകരും കർമ്മങ്ങൾ പൂർത്തിയാക്കി മക്കയിൽ നിന്ന് മടങ്ങി തുടങ്ങി. മലയാളികൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള തീർഥാടകരും ഹജ്ജിന്റെ പ്രധാന ചടങ്ങുകൾ പൂർത്തിയാക്കി.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കനത്ത ചൂടാണ് മക്കയിൽ അനുഭവപ്പെട്ടത്. തിങ്കളാഴ്ച കല്ലെറിയൽ ചടങ്ങ് രണ്ടുമണിക്കൂർ വൈകി. താപനില 49 ഡിഗ്രിയിൽ എത്തിയതിനെ തുടർന്ന് തിങ്കൾ പകൽ 11 നും നാലിനുമിടയിൽ തീർഥാടകരെ ജംറയിലേക്ക് അയക്കരുതെന്ന് ഹജ്ജ് മിഷനുകളോട് ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരുന്നു. 2600 പേർക്ക് സൂര്യാഘാതം ഏറ്റു. മിന, മുസ്ദലിഫ, അറഫാത്ത് എന്നിവിടങ്ങളിൽ ഹജ്ജ് ആരംഭിച്ച ശേഷം ഏറ്റവും ഉയർന്ന താപനിലയായിരുന്നു തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. അതേസമയം, അൽപ്പസമയം മഴപെയ്തത് ആശ്വാസമായി.
sdzfdsf