ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി ലോകത്തെ ഏറ്റവും മികച്ച മന്ത്രി
ലോകത്തെ ഏറ്റവും മികച്ച മന്ത്രിക്കുള്ള പുരസ്കാരം ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിക്ക്. ദുബൈയിൽ നടന്ന വേൾഡ് ഗവൺമെന്റ് സമ്മിറ്റിലാണ് പുരസ്കാരം സമ്മാനിച്ചത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മന്ത്രിമാരിൽ നിന്നാണ് പ്രവര്‍ത്തന മികവിന് ഖത്തര്‍ ആരോഗ്യമന്ത്രി പുരസ്കാരം സ്വന്തമാക്കിയത്. രാജ്യത്തെ ആരോഗ്യ സംവിധാനം കൂടുതൽ ജനകീയമാക്കുകയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യാന്‍ ഹനാന്‍ അല്‍ കുവാരിയുടെ ഇടപെടലുകള്‍ക്കായി. ലോകോത്തര നിലവാരത്തിലേക്ക് സൗകര്യങ്ങൾ വികസിപ്പിക്കുക എന്നത് രാജ്യത്തിന്റെ വിവിധ മേഖലകളിലെ വളർച്ചയുടെ ഭാഗം മാത്രമാണെന്ന് വേദിയിൽ പ്രദർശിപ്പിച്ച വീഡിയോയിൽ അവർ പറഞ്ഞു.
ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്ത് രാജ്യത്തെ എല്ലാവരിലേക്കും ആരോഗ്യ സംവിധാനം എത്തിക്കുകയാണെന്ന് അവർ വ്യക്തമാക്കി.പ്രവർത്തന മേഖലയിലെ മികവും സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പൊതുജന പിന്തുണയുമെല്ലാം മാനദണ്ഡമാക്കിയാണ് അവാർഡ് പ്രഖ്യാപനം. യു.എ.ഇ ഉപപ്രധാനമന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് മക്തും ബിൻ റാഷിദ് അൽ മക്തൂമിൽ നിന്നും മന്ത്രി ഡോ. ഹനാൻ അവാർഡ് ഏറ്റുവാങ്ങി. 2016ലാണ് ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ഖത്തറിന്റെ ആരോഗ്യ മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. 2002ല്‍ ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റില്‍ ബ്രിട്ടണില്‍നിന്നും പിഎച്ച്ഡി സ്വന്തമാക്കി. ലോകാരോഗ്യ സംഘടന, റോയിട്ടേഴ്സ് എന്നിവക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫോര്‍ബ്സ് മാഗസിന്‍ പുറത്തിറക്കിയ അറബ് ലോകത്തെ സ്വാധീന ശക്തിയുള്ള വനിതകളുടെ പട്ടികയിലും ഇടംപിടിച്ചു.
sdfsdf