ജിസിസിയുടെ സാമ്പത്തിക സഹകരണ കൗൺസിലിന്റെ യോഗത്തിൽ ഖത്തർ പങ്കെടുത്തു

ജിസിസി സാമ്പത്തിക സഹകരണ കൗൺസിലിന്റെ 115ാമത് എക്സ്ട്രാ ഓർഡിനറി യോഗത്തിൽ ഖത്തർ പങ്കെടുത്തു. ഓൺലൈൻ വഴി നടന്ന കോൺഫറൻസിൽ ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരിയാണ് രാജ്യത്തെ പ്രതിനിധീകരിച്ചത്. സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനും സമഗ്ര വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നയങ്ങളും അവയുടെ പുരോഗതികളും സാമ്പത്തിക പരിഷ്‌കരണ ശ്രമങ്ങളും യോഗത്തിൽ അവലോകനം ചെയ്തു.
ഇതുമായി ബന്ധപ്പെട്ട്, സുപ്രിം കൗൺസിൽ പുറപ്പെടുവിച്ച സാമ്പത്തിക തീരുമാനങ്ങളും, ജിസിസി പൊതു വിപണിയുമായി ബന്ധപ്പെട്ട പദ്ധതികളുടെ നടത്തിപ്പും പൂർത്തീകരണവും സംബന്ധിച്ച ജനറൽ സെക്രട്ടേറിയറ്റിന്റെ മെമ്മോറാണ്ടവും ജിസിസി ധനമന്ത്രിമാർ ചർച്ച ചെയ്തു. അവ നേരിടുന്ന പ്രതിസന്ധികൾ മറികടക്കാനുള്ള മാർഗ്ഗങ്ങളും യോഗത്തിൽ അവലോകനം ചെയ്തു.