സിറിയയിൽ സമാധാനം പുനഃസ്ഥാപിക്കൽ; ഖത്തറിന്‍റെ മധ്യസ്ഥതയിൽ സംയുക്തസമിതി രൂപീകരിച്ച്‍ റഷ്യയും തുർക്കിയും
ദോഹ: സിറിയയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഖത്തറിന്‍റെ മധ്യസ്ഥതയിൽ സംയുക്ത സമിതി രൂപീകരിച്ച് റഷ്യയും തുർക്കിയും. ഇതിന്‍റെ ഭാഗമായി റഷ്യ, തുർക്കി വിദേശകാര്യമന്ത്രിമാർ ദോഹയിലെത്തി അമീറുമായി കൂടിക്കാഴ്ച്ച നടത്തി. മൂന്ന് രാജ്യങ്ങളും ചേർന്ന് ഇക്കാര്യത്തിൽ സംയുക്ത ധാരണ രൂപപ്പെടുത്തിയതായി ഖത്തർ വിദേശകാര്യമന്ത്രി പറഞ്ഞു.
റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും തുർക്കി വിദേശകാര്യമന്ത്രി മെവ്‍ലൂട്ട് കാവുസോഗ്ലുവുമാണ് അടിയന്തര സന്ദർശനർത്തിന് ദോഹയിലെത്തിയത്. തുടർന്ന് ഇരുവരും ഖത്തർ അമീറുമായും പിന്നീട് ഖത്തർ വിദേശകാര്യമന്ത്രിയുമായും കൂടിക്കാഴ്ച്ച നടത്തി. തുടർന്ന് മൂന്ന് പേരും ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് സിറിയയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള തീരുമാനങ്ങൾ കൂടിക്കാഴ്ച്ചയിൽ നടന്നതായുള്ള വിവരം ഖത്തർ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ധുറഹ്മാൻ അൽത്താനി അറിയിച്ചത്. സിറിയയിൽ സമാധാനം പുനഃസ്ഥാപിക്കാനും രാജ്യം വിട്ടോടിപ്പോയവരെയും അഭയാർത്‍ഥികളെയും എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കാനും ഖത്തർ സുപ്രധാന നീക്കങ്ങൾ നടത്തിവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റമദാനിന് മുന്നോടിയായി സമിതിയുടെ അടുത്ത യോഗം ചേരും.