ഖത്തർ അമീറിന് ബ്രിട്ടനിൽ രാജകീയ വരവേൽപ്പ്
ദോഹ: ഖത്തറും ബ്രിട്ടനും തമ്മിലെ നയതന്ത്ര ചരിത്രത്തിൽ ഇടം പിടിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ബ്രിട്ടീഷ് സന്ദർശനം. തിങ്കളാഴ്ച വൈകീട്ടോടെ ബ്രിട്ടീഷ് വ്യോമസേന യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ ലണ്ടനിലേക്ക് വരവേറ്റ അമീറിന് ചൊവ്വാഴ്ച ചാൾസ് രാജാവിന്റെ നേതൃത്വത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും പത്നി ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനിക്കും രാജകീയ സ്വീകരണം നൽകി.
റോയല്‍ ഹോര്‍സ് ഗ്വാര്‍ഡ് അറീനയില്‍ ചാള്‍സ് മൂന്നാമന്‍ രാജാവും ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും ചേർന്നാണ് അമീറിനെ സ്വീകരിച്ചത്. രാജകീയ പ്രോട്ടോകോൾ പ്രകാരം നടന്ന സ്വീകരണത്തിൽ മന്ത്രിമാർ, പ്രഭുക്കൾ, സൈനിക ജനറൽമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തിരുന്നു. ഖത്തറിന്റെ ദേശീയ ഗാനം ഉയർന്നുകേട്ട സ്വീകരണത്തിനുശേഷം ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. തുടർന്ന് ബക്കിങ് ഹാം കൊട്ടാരത്തിലേക്ക് പരമ്പരാഗത രാജകീയ വാഹനത്തിൽ അമീറിനെയും പത്നിയെയും ആനയിക്കുകയായിരുന്നു.
ബ്രിട്ടന്റെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് നൈറ്റ് ഓഫ് ദ ഓര്‍ഡര്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് അമീറിന് സമ്മാനിച്ചു. ഖത്തറിന്റെ പരമോന്നത ബഹുമതിയായ ഫൗണ്ടേഴ്സ് സോര്‍ഡ് അമീര്‍ ചാള്‍സ് രാജാവിനും കൈമാറി. ലണ്ടനിലെ രാജകീയ പാതകളിൽ ഖത്തറിന്റെയും ബ്രിട്ടന്റെയും പതാകകൾ കൊണ്ട് അലങ്കരിച്ചായിരുന്നു അറബ് ലോകത്തെ തങ്ങളുടെ സുപ്രധാന പങ്കാളി രാഷ്ട്രത്തിന്റെ തലവനെ ബ്രിട്ടൻ വരവേറ്റത്. ബക്കിങ്ഹാം കൊട്ടരത്തിലേക്ക് കുതിരപ്പടയുടെ അകമ്പടിയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ വരവേൽക്കുന്നുചാൾസ് രാജാവും രാജ്ഞി കാമിലയും ബക്കിങ് ഹാം പാലസിൽ ഒരുക്കിയ വിരുന്നിലും അമീറും പത്നിയും ഔദ്യോഗിക സന്ദർശക സംഘവും പങ്കെടുത്തു.
തുടർന്ന് വില്യം രാജകുമാരനും കാതറിൻ രാജകുമാരിയും അമീറിന് സ്വീകരണം നൽകി. വെസ്റ്റ്മിനിസ്റ്റർ കൊട്ടാരത്തിൽ ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളുമായി അമീർ സംസാരിച്ചു. ഖത്തറും ബ്രിട്ടനും തമ്മിലെ നിക്ഷേപ, വ്യാപാര സഹകരണം സംബന്ധിച്ച് വിവിധ കരാറുകൾ കൂടി ഉൾക്കൊള്ളുന്നതാണ് അമീറിന്റെ രണ്ടു ദിവസത്തെ സന്ദർശനം. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആൽഥാനി ഉൾപ്പെടെ ഉന്നത സംഘം അമീറിന്റെ സന്ദർശനത്തിൽ അനുഗമിക്കുന്നുണ്ട്.
hfgh