ഇന്ത്യക്ക് 12 യുദ്ധവിമാനങ്ങൾ വിൽക്കാൻ ഒരുങ്ങി ഖത്തർ
ദോഹ: ഖത്തർ ഇന്ത്യക്ക് 12 ‘മിറാഷ് 2000’ യുദ്ധവിമാനങ്ങൾ വിൽക്കാൻ ഒരുങ്ങുന്നു. ഖത്തറിന്റെ കൈവശമുള്ള 12 സെക്കൻഡ് ഹാന്‍ഡ് യുദ്ധ വിമാനങ്ങൾ ഇന്ത്യക്ക് കൈമാറാനാണ് ചർച്ചകൾ നടക്കുന്നത്. ഇതിന് ഖത്തറിൽ നിന്നുള്ള സംഘം ഇന്ത്യയിലെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്രഞ്ച് നിർമിത പോർ വിമാനമാണ് മിറാഷ് 2000. ഡസ്സാൾട്ട് ഏവിയേഷനാണ് ഇതിന്റെ നിർമാതാക്കൾ. ഈ വിമാനത്തിന് അമേരിക്കൻ നിർമിത എഫ് 16, എഫ് 18 എന്നി പോർവിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹരശേഷിയുണ്ട്.
1984 ജൂണിലാണ് ഈ വിമാനം ഫ്രഞ്ച് വായുസേനക്ക് വേണ്ടി നിർമിച്ചത്. വിമാനങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് സംഘം ഇന്ത്യന്‍ ഉദ്യോഗസ്ഥർക്ക് വിശദീകരിച്ചു. 5000 കോടിയോളം രൂപയാണ് ഖത്തർ ആവശ്യപ്പെടുന്ന തുക. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ല. വിലപേശൽ തുടരുകയാണ്. ഖത്തറിൽനിന്നുള്ള വിമാനങ്ങൾ കൂടി വാങ്ങുന്നതോടെ ഇന്ത്യയുടെ കൈവശമുള്ള മിറാഷ് യുദ്ധവിമാനങ്ങളുടെ എണ്ണം 60 ആയി ഉയരും. ഇന്ത്യയുടെ കൈവശമുള്ള വിമാനങ്ങളും ഖത്തറിൽനിന്നുള്ള വിമാനങ്ങളും ഒരേ ശ്രേണിയിൽ വരുന്നതിനാൽ പരിപാലനവും ഇന്ത്യക്ക് എളുപ്പമാകും. ഇന്ത്യൻ വ്യോമസേന വജ്ര എന്ന പേരിൽ പുനർ നാമകരണം ചെയ്താണ് മിറാഷ് 2000 ഉപയോഗിക്കുന്നത്.വ്യാപാര മേഖലയിൽ ഇന്ത്യയുടെ പ്രധാന പങ്കാളികളിലൊന്നാണ് ഖത്തർ. 11 ബിൽയണ്‍ ഡോളറിന്റെ വ്യാപാരമാണ് കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിൽ നടന്നത്. ദ്രവീകൃത പ്രകൃതി വാതക മേഖലയിൽ കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യയും ഖത്തറും ദീർഘകാല കരാറുകളിൽ ഒപ്പുവെച്ചിരുന്നു. പെട്രോനെറ്റുമായാണ് കരാറിൽ ഒപ്പുവെച്ചത്.
േ്ിേി