ഖരീഫ് ഫെസ്റ്റിവൽ ജൂൺ 20 മുതൽ


ഖരീഫ് സീസണിന്‍റേ ഭാഗമായി നടക്കുന്ന ഫെസ്റ്റിവൽ ജൂൺ 20 മുതൽ ദോഫാർ ഗവർണറേറ്റിൽ തുടക്കമാകുമെന്ന് മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് ബിൻ മൊഹ്‌സെൻ അൽ ഗസ്സാനി. ദുബൈയിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഗസ്സാനി ഇക്കാര്യം അറിയിച്ചത്. 90 ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ സന്ദർശകർക്ക് ആകർഷകമായ അനുഭവമാകും ലഭിക്കുക. അന്തർദേശീയ ആകർഷണത്തിന്‍റെ ഭാഗമായി ദോഫാർ ഇൻറർ നാഷനൽ തിയറ്റർ ഫെസ്റ്റിവൽപോലുള്ള പരിപാടികൾ ഉൾപ്പെടുത്തും.  അറബ് ലോകത്തെ ഏറ്റവും വലുതും ആഗോളതലത്തിൽ അഞ്ചാമത്തേതുമായി വിശേഷിപ്പിക്കുന്ന ഈ ഇവൻറിൽ 10 ദിവസ കാലയളവിൽ ആറ് ഷോകൾ അവതരിപ്പിക്കും. കുടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെസ്റ്റിവലിന്‍റെ മുൻ പതിപ്പുകളെപോലെ ഈ വർഷവും റെക്കോർഡ് സന്ദർശകരെയും വിനോദസഞ്ചാരികളെയും ആണ്  പൈതൃക−ടൂറിസം മന്ത്രാലയം ഈ വർഷവും പ്രതീക്ഷിക്കുന്നത്.   

കഴിഞ്ഞവർഷം ഏകദേശം 9,62,000 ആളുകളാണ് ദോഫാറിന്‍റെ പച്ചപ്പും തണുത്ത കാലവസ്ഥയും ആസ്വദിക്കാനായെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 18.4 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. 2022ൽ 8, 13,000 സന്ദർശകരായിരുന്നു എത്തിയിരുന്നത്. ടൂറിസ്റ്റുകൾ ചിലവഴിക്കുന്നതിലും ഉയർച്ചയാണുണ്ടായിട്ടുള്ളത്. 2022 സീസണിൽ  86 ദശലക്ഷം റിയാൽ ആയിരുന്നെങ്കിൽ കഴിഞ്ഞ വർഷമിത് 103 ദശലക്ഷം റിയാലിലാണ് എത്തിയിരിക്കുന്നത്. സലാല ടൂറിസം ഫെസ്റ്റിവെലിന്‍റെ ആഘോഷ പരിപാടികൾ കഴിഞ്ഞ വർഷം വിവിധ ഇടങ്ങളിലാണ് നടന്നിരുന്നത്. ഇത്തീനിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നിരുന്ന പരിപാടികൾ, പാർക്കുകൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് അരങ്ങേറിയത്. ഈ വർഷത്തെ ഖരീഫ് സീസണെ വരവേൽക്കുന്നതിന്‍റെ ഭാഗമായി ദോഫാറിൽ മുന്നൊരുക്കങ്ങൾക്ക് അധികൃതർ തുടക്കമിട്ടിട്ടുണ്ട്.   

ഖരീഫിനോടനുബന്ധിച്ചുള്ള മഴക്കാല സീസൺ ആരംഭിക്കുന്നത് ജൂൺ 21 മുതൽ സെപ്റ്റംബർ 21 വരെയാണ്.  ലക്ഷക്കണക്കിന് ആളുകളാണ് ഇവിടേക്ക് ഓരോ സീസണിലും എത്താറുള്ളത്. ദോഫാർ ഗവർണറേറ്റിന്‍റെ അനുകൂല കാലാവസ്ഥയും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. 2019ൽ,  ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള  7, 50,000 സഞ്ചാരികളാണ് ദോഫാർ ഗവർണറേറ്റിൽ എത്തിയിരുന്നത്. വർഷം മുഴുവൻ ദോഫാറിനെ ടൂറിസം സീസണാക്കി പരിവർത്തിപ്പിക്കുന്നതിനുള്ള നടപടികളാണ് അധികൃതർ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നത്. ഖരീഫ് സീസൺ മുന്നിൽ കണ്ട് നിരവധി വിമാന കമ്പനികളും സലാലയിലേക്ക് സർവിസ് നടത്തുമെന്നറിയിച്ചിട്ടുണ്ട്. 

article-image

asdfasf

You might also like

Most Viewed