മസ്കത്ത്−തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിന സർവ്വീസ് ആരംഭിച്ചു
മസ്കത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ എല്ലാ ദിവസവും സർവിസ് നടത്തും. കണ്ണൂരിലേക്കുള്ള സർവിസുകൾ ഏപ്രിൽ ഒന്ന് മുതൽ ആഴ്ചയിൽ അഞ്ചായി വർധിപ്പിക്കും. ഇതോടെ യാത്രാപ്രയാസം ഏറെ നേരിടുന്ന കണ്ണൂർ യാത്രക്കാർക്ക് നേരിയ ആശ്വാസമാകും. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ് നാല് സർവിസുകളാണ് കണ്ണൂരിലേക്ക് നടത്തുന്നത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ എല്ലാ ദിവസവും സർവിസുകൾ നടത്തുന്നുണ്ട്. തിരുവന്തപുരത്തേക്ക് സർവിസ് നടത്തിയിരുന്ന സലാം എയർ നിർത്തിയതോടെ ഈ സെക്ടറിലെ യാത്രക്കാർ ഏറെ പ്രയാസങ്ങൾ നേരിട്ടിരുന്നു. അടുത്തിടെയാണ് എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ എല്ലാ ദിവസവും സർവിസുമായി രംഗത്ത് വന്നത്.
ഗോ ഫസ്റ്റ് സർവിസ് നിർത്തിയതോടെയാണ് കണ്ണൂർ യാത്രക്കാരുടെ ദുരിതം ആരംഭിച്ചത്. ഗോ ഫസ്റ്റ് ആഴ്ചയിൽ എല്ലാ ദിവസവും സർവിസ് നടത്തിയിരുന്നു. അക്കാലത്ത് എയർ ഇന്ത്യ എക്സ്പ്രസ് തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലാണ് മൂന്ന് സർവിസ് മാത്രമാണ് നടത്തിയിരുന്നത്. യാത്രക്കാരുടെ മുറവിളി വർധിച്ചതോടെ സർവിസുകൾ നാലായി വർധിപ്പിക്കുകയായിരുന്നു. അടുത്ത മാസം മുതൽ പുതിയ ഷെഡ്യൂൾ ആരംഭിക്കും. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് കണ്ണൂരിൽ നിന്നും സർവിസുകൾ നടത്തുക. തിങ്കൾ ചൊവ്വ, ശനി ദിവസങ്ങളിൽ കാലത്ത് 9.45ന് പുറപ്പെട്ട് 2.40 കണ്ണൂരിലെത്തും. വ്യാഴാഴ്ച 7.35ന് പുറപ്പെട്ട് 12.30നും വെള്ളിയാഴ്ച പുലർച്ചെ 3.20ന് പുറപ്പെട്ട് 8.15നും കണ്ണുരിലും എത്തും. കണ്ണൂരിൽ നിന്ന് തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ കാലത്ത് 6.45ന് പുറപ്പെടുന്ന വിമാനം 8.45ന് ആണ് മസ്കത്തിലെത്തുക. വ്യാഴം കാലത്ത് 4.35ന് പുറപ്പെട്ട് 6.35ന് മസ്കത്തിൽ ലാൻഡ് ചെയ്യും. വെള്ളി രാത്രി 12.20ന് പുറപ്പെടുന്ന വിമാനം 2.20ന് ആണ് മസ്കത്തിൽ എത്തുക. മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എല്ലാ ദിവസവും ഉച്ചക്ക് 12.15ന് പുറപ്പെട്ട് വൈകുന്നേരം 5.40ന് ആണ് തലസ്ഥാന നഗരിയിൽ എത്തുക. രാവിലെ 8.30നാണ് വിമാനം തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. ഉച്ചക്ക് 11ന് മസ്കത്തിൽ ലാൻഡ് ചെയ്യും. കോഴിക്കോട്ടേക്കുള്ള വിമാനം പഴയ പോലെ എല്ലാ ദിവസവും പുലർച്ചെ 2.15 മസ്കത്തിൽ നിന്നും പുറപ്പെട്ട് കാലത്ത് 7.20ന് എത്തിച്ചേരും. കണ്ണൂരിൽനിന്ന് സർവിസുകൾ കൂട്ടണമെന്ന് യാത്രക്കാർ മാസങ്ങളായി മുറവിളി കൂട്ടുന്നുണ്ടെങ്കിലും ഒരു സർവിസ് മാത്രം വർധിപ്പിച്ചത് യാത്രക്കാരെ തൃപ്തരാക്കിയിട്ടില്ല. ഗോ ഫസ്റ്റ് സർവിസ് പുനരാരംഭിക്കാത്ത സാഹചര്യത്തിൽ ആഴ്ചയിൽ എല്ലാ ദിവസവും എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തണമെന്നാണ് കണ്ണൂർ യാത്രക്കാർ ആവശ്യപ്പെടുന്നത്. കണ്ണൂരിനോടുള്ള അവഗണന വിമാനത്താവളത്തിന്റെ വളർച്ച മുടരിപ്പിക്കുമെന്നും കണ്ണൂർ യാത്രക്കാർ പറയുന്നു.
്േിു്ിു