ഏ​കീ​കൃ​ത ഗ​ൾ​ഫ് ടൂ​റി​സ്റ്റ് വി​സ ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കു​ം; ഒ​മാ​ൻ ടൂ​റി​സം മ​ന്ത്രി


ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ അവതരിപ്പിക്കാൻ ജി.സി.സി ടൂറിസം മന്ത്രിമാർ ഏകകണ്ഠമായ കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇത് ഉടൻ യാഥാർഥ്യമാകുമെന്നും ഒമാൻ പൈതൃക, ടൂറിസം മന്ത്രി സലിം അൽ മഹ്‌റൂഖി പറഞ്ഞു. ദാഖിലിയ ഗവർണറേറ്റിലെ മനാ വിലായത്തിലെ ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ നടന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് യാഥാർഥ്യമാക്കുന്നതിനും ഇക്കാര്യത്തിൽ പൂർണമായ ധാരണയിലെത്തുന്നതിനും എങ്ങനെ മുന്നോട്ടുപോകണമെന്നതിനെ കുറിച്ചും ചർച്ച ചെയ്യാൻ നിരവധി തുടർനടപടികളും മീറ്റിങ്ങുകളും ഉണ്ടാകുമെന്നും മഹ്റൂഖി പറഞ്ഞു. നവംബറിൽ മസ്‌കത്തിൽ നടക്കുന്ന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ ഏകീകൃത ടൂറിസം വിസക്കുള്ള നിർദേശം അവതരിപ്പിക്കും. 2024ൽ സൂറിനെ ടൂറിസത്തിന്റെ അറബ് തലസ്ഥാനമായി നാമനിർദേശം ചെയ്യാനുള്ള തീരുമാനവും യോഗം അംഗീകരിച്ചു. ഗൾഫ് ടൂറിസത്തെ ആകർഷിക്കുന്നതിനായി തീരദേശ നഗരമായ സൂർ വർഷം മുഴുവനും നിരവധി പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും. മന്ത്രിമാർ കരാറിലെത്തിയതോടെ യാത്രകൾ സുഗമമാക്കുകയും പ്രാദേശിക വിനോദസഞ്ചാരത്തിന് ഉത്തേജനം നൽകുകയും ചെയ്യുന്ന ഒരു പൊതു വിസ സംവിധാനം അവതരിപ്പിക്കുന്നതിനുള്ള നീക്കത്തിന് ഇതോടെ വേഗം കൈവന്നു. അബൂദബിയിൽ നടന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിൽ യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖും ദിവസങ്ങൾക്ക് മുമ്പ് ഏകീകൃത വിസ തുടങ്ങുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. 

വിനോദസഞ്ചാര മേഖലക്ക് ഉത്തേജനമേകുക എന്ന ലക്ഷ്യത്തോടെ ഒറ്റ വിസയിൽ ആളുകൾക്ക് ഈ മേഖലക്കുള്ളിൽ സ്വതന്ത്രമായി യാത്ര ചെയ്യാൻ അനുവദിക്കുന്ന ഒരു സംവിധാനം ഒരുക്കാനാണ് അധികൃതർ ആലോചിക്കുന്നത്. നിലവിൽ, ജി.സി.സിയിലെ പൗരന്മാർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയും. അതേസമയം, പ്രവാസികൾക്ക് ജി.സി.സി അതിർത്തി കടക്കാൻ വിസ ആവശ്യമാണ്. എന്നാൽ, ബഹ്റൈൻ, ഒമാൻ അടക്കമുള്ള രാജ്യങ്ങളിൽ ഓൺ അറൈവൽ വിസ ലഭ്യമാണ്. ഒരു വിസയിൽ എല്ലാ പങ്കാളി രാജ്യങ്ങളിലേക്കും പ്രവേശനം സുഗമമാക്കുന്ന ‘ഷെങ്കൻ ശൈലിയിലുള്ള’ എൻട്രി സംവിധാനം ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിലാണ് അധികൃതരെന്ന് ഈ വർഷം ആദ്യം ബഹ്‌റൈൻ ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫിയും പറഞ്ഞിരുന്നു. 2021നെ അപേക്ഷിച്ച് 2022ൽ ജി.സി.സി ട്രാവൽ ആൻഡ് ടൂറിസം മേഖലയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) 57.5 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ‘ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ’ ചേർന്ന ജി.സി.സി ടൂറിസം അണ്ടർ സെക്രട്ടറിമാരുടെ യോഗം ജി.സി.സി ടൂറിസം തന്ത്രം, ഏകീകൃത ടൂറിസ്റ്റ് വിസ, ടൂറിസം ഗൈഡ്ബുക്ക്, വൺ സ്റ്റോപ് പ്ലാറ്റ്ഫോം എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു.

article-image

dfgdfg

You might also like

Most Viewed