2023ലെ ആദ്യ ആറുമാസത്തിൽ ഒമാന്റെ പൊതുവരുമാനം 634 കോടി റിയാൽ

2023ലെ ആദ്യ ആറുമാസത്തിൽ ഒമാന്റെ പൊതുവരുമാനം 634 കോടി റിയാലാണെന്ന് അധികൃതർ വെളിപ്പെടുത്തി. 2022ൽ ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്തത് 672 കോടി റിയാൽ വരുമാനമായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ആറ് ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സമാനമായി രാജ്യത്തിന്റെ പൊതുബജറ്റിൽ 65.6 കോടി മിച്ചം രേഖപ്പെടുത്തിയിട്ടുണ്ട്. 2022ലെ ഇതേ കാലയളവിൽ 78.4 കോടിയായിരുന്നു മിച്ചം. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ശരാശരി എണ്ണവില ബാരലിന് 83 യു.എസ് ഡോളറാണ് രേഖപ്പെടുത്തിയത്. ശരാശരി എണ്ണ ഉൽപാദനം പ്രതിദിനം ആയിരം ബാരലിലെത്തിയിട്ടുമുണ്ട്. ആറുമാസത്തിലെ ഗ്യാസിൽനിന്നുള്ള വരുമാനം 111 കോടിയാണ്. 2022ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 36 ശതമാനം കുറവാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയത്. ക്രൂഡ് ഓയിൽ, ഗ്യാസ് അടക്കമുള്ള ഹൈഡ്രോ കാർബൺ ഉൽപന്നങ്ങളിൽ നിന്നുള്ള ആകെ വരുമാനം രേഖപ്പെടുത്തിയത് 196 കോടി റിയാലാണ്. 2022ലെ അതേ കാലയളവിലിത് 179 കോടിയായിരുന്നു. ഇക്കാര്യത്തിൽ ഒമ്പത് ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ആറു മാസത്തിൽ പൊതുചെലവ് 407 കോടി റിയാലാണ് രേഖപ്പെടുത്തിയത്.
ഇക്കാര്യത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 47.2 കോടി കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്ത ചെലവ് രേഖപ്പെടുത്തിയത് 455 കോടിയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ 10 ശതമാനം കുറവാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്. എണ്ണ ഉൽപന്ന സബ്‌സിഡിയും ഗതാഗത മേഖലയിലെ സബ്‌സിഡിയും യഥാക്രമം 15.5 കോടി, 5.4 കോടി എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. എണ്ണവില താഴ്ന്ന നിലയിൽ തുടരുകയും കോവിഡ് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും ചെയ്തിട്ടും, 2022ൽ പൊതുകടം 40 ശതമാനമായി കുറക്കുന്നതിൽ രാജ്യം വിജയിച്ചിട്ടുണ്ട്. 2023 ജൂൺ അവസാനത്തോടെ പൊതുകടം 16.3 ബില്യൺ റിയാലാണ്. സമീപ വർഷങ്ങളിൽ പൊതുകടം കൂടുതലായി കുറക്കാനും കടം വീട്ടുന്നതിനുള്ള ചെലവ് കുറക്കാനും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പൊതു ചെലവുകൾ യുക്തിസഹമാക്കുന്നതിനും പൊതുവരുമാനം വർധിപ്പിക്കുന്നതിനും കാരണമായ നിരവധി നടപടികളും സംരംഭങ്ങളും നടപ്പിലാക്കിയതാണ് ഇതിന് കാരണം. കൂടാതെ, ഉയർന്ന എണ്ണവിലയിൽനിന്ന് ലഭിക്കുന്ന അധിക വരുമാനത്തിന്റെ ഒരു ഭാഗവും സർക്കാർ വായ്പകൾ തിരിച്ചടക്കാൻ ഉപയോഗപ്പെടുത്തുന്നുണ്ട്.
sertest