ഇരട്ടനികുതി ഒഴിവാക്കുന്നതിനും വരുമാന− മൂലധനനികുതി വെട്ടിപ്പും തടയുന്നതിനുമുള്ള കരാറിൽ ഒമാനും ഈജിപ്തും ഒപ്പുവെച്ചു
ഇരട്ടനികുതി ഒഴിവാക്കുന്നതിനും വരുമാന− മൂലധനനികുതി വെട്ടിപ്പും തടയുന്നതിനുമുള്ള കരാറിലും ധാരണാപത്രത്തിലും ഒമാനും ഈജിപ്തും ഒപ്പുവെച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ ഈജിപ്ത് സന്ദർശനത്തിന്‍റെ ഭാഗമായാണ് കരാറിൽ എത്തിയത്. ഒമാൻ ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലേം അൽ ഹബ്‌സിയും ഈജിപ്ത് ധനകാര്യ മന്ത്രി ഡോ. മുഹമ്മദ് മുഐത്തുമാണ് കരാറിൽ ഒപ്പുവെച്ചത്. ഒമാനിലെ നിക്ഷേപ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കുന്നതിനുമായി ഒമാനി−ഈജിപ്ഷ്യൻ ബിസിനസ് ഫോറം കൈറോയിൽ യോഗം ചേർന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സാമ്പത്തിക പ്രവർത്തനങ്ങളുടെ വികസനം നേതാക്കളുടെ അഭിലാഷങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായി വർധിപ്പിക്കുമെന്ന് ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി ഒുമാൻ ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഒമാനും ഈജിപ്തിനും താൽപ്പര്യമുള്ള തന്ത്രപ്രധാനമായ സാമ്പത്തിക മേഖലകളിൽ ഉറച്ച പങ്കാളിത്തം കെട്ടിപ്പടുക്കാനുള്ള ആഗ്രഹവും നിക്ഷേപ ശ്രമങ്ങളും വ്യാപാര വിനിമയവും മെച്ചപ്പെടുത്താനുള്ള ശ്രമവും മന്ത്രി സ്ഥിരീകരിച്ചു. ഒമാന്റെ വിഷൻ 2040ന്റെയും സുൽത്താനേറ്റ് നിക്ഷേപകർക്ക് നൽകുന്ന പ്രോത്സാഹനങ്ങളെയും സേവനങ്ങളെയും കുറിച്ച് മന്ത്രി ഫോറത്തിൽ വിശദീകരിച്ചു.
അതേസമയം, ഭരണമേറ്റെടുത്തതിന് ശേഷം ആദ്യമായി ഈജിപ്തിലെത്തിയ സുൽത്താന് ഊഷ്മള വരവേൽപ്പാണ് ഞായറാഴ്ച ലഭിച്ചത്. കൈറോ വിമാനത്താവളത്തയിൽ പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽസീസി നേരിട്ടെത്തിയാണ് സുൽത്താനെ സ്വീകരിച്ചത്. അതിനുശേഷം ഈജിപ്ഷ്യൻ റിപ്പബ്ലിക്കൻ ഗാർഡിന്റെ മോട്ടോർസൈക്കിളുകളുടെ അകമ്പടിയോടെ ഇത്തിഹാദിയ കൊട്ടാരത്തിലേക്ക് ആനയിച്ചു. ഇവിടെ ഔദ്യോഗിക സ്വീകരണവും നൽകി. ഞായറാഴ്ച വൈകുന്നേരം കൈറോയിലെ അൽ−ഇത്തിഹാദിയ കൊട്ടാരത്തിൽ ഔദ്യോഗിക ചർച്ചകളും നടത്തി. ഒമാനെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന ചരിത്രപരമായ കാര്യങ്ങളെ കുറിച്ചും നിലവിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ വശങ്ങളെ പറ്റിയും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി സംയുക്ത താൽപ്പര്യങ്ങൾ ഏകീകരിക്കുന്നതിനുള്ള വഴികളെ കുറിച്ചും ആലോചിച്ചു. പ്രാദേശിക, അന്തർദേശീയ വേദികളിലെ വിവിധ സംഭവവികാസങ്ങളെക്കുറിച്ച് വീക്ഷണങ്ങളും കൈമാറി.
ftufu