പ്രവാസി നിക്ഷേപകര്‍ക്ക് വാണിജ്യ, പാര്‍പ്പിട കെട്ടിടങ്ങള്‍ വാങ്ങാം: അനുമതി നല്‍കി ഒമാന്‍

വിദേശ നിക്ഷേപകര്‍ക്ക് രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കുന്നതിന് അനുമതി നല്‍കുന്ന ഉത്തരവ് ഒമാന്‍ പുറത്തിറക്കി. ഒമാന്‍ ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ പ്ലാനിംഗ് വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഒമാനിലെ സാമ്പത്തിക മേഖലയുടെ വീണ്ടെടുപ്പ് ത്വരിതപ്പെടുത്തുക, റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഒമാന്‍ പുതിയ നടപടി സ്വീകരിച്ചത്. ഒമാനിലെ റിയല്‍ എസ്റ്റേറ്റ് വികസന മേഖലയില്‍ വലിയ പുരോഗതി കൊണ്ടുവരാന്‍ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അഞ്ച് ലക്ഷം റിയാലില്‍ കുറയാത്തതായ മൂല്യമുള്ള ഒന്നോ, അതിലധികമോ കെട്ടിടങ്ങള്‍ വാങ്ങിയതായി തെളിയിക്കുന്ന വിദേശ നിക്ഷേപകര്‍ക്ക് ഈ പദ്ധതിയുടെ കീഴില്‍ ഫസ്റ്റ് ക്ലാസ് റെസിഡന്‍സി കാര്‍ഡ് നേടാമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടര ലക്ഷം റിയാലില്‍ കൂടാത്തതുമായ മൂല്യമുള്ള ഒന്നോ, അതിലധികമോ കെട്ടിടങ്ങള്‍ സ്വന്തമാക്കുന്ന വിദേശികള്‍ക്ക് സെക്കന്റ് ക്ലാസ് റെസിഡന്‍സി കാര്‍ഡ് നേടുന്നതിന് അപേക്ഷ നല്‍കാം.
അതേസമയം, ഈ പദ്ധതിയ്ക്ക് കീഴില്‍ വിദേശികള്‍ക്ക് മുസന്ദം, ബുറൈമി, ദഹിറാഹ്, വുസ്ത ഗവര്‍ണറേറ്റുകളില്‍ റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കുന്നതിന് അനുമതി നല്‍കിയിട്ടില്ല. ദോഫാര്‍ മേഖലയില്‍ സലാല വിലായത് ഒഴികെയുള്ള ഇടങ്ങളിലും അനുമതി നല്‍കിയിട്ടില്ല. ലിവ, ഷിനാസ്, മാസിറാഹ് എന്നീ വിലായത്തുകള്‍, ജബല്‍ അല്‍ അഖ്ദാര്‍, അല്‍ ജബല്‍ ഷംസ് തുടങ്ങിയ മലനിരകള്‍, സുരക്ഷാ, സൈനിക കാരണങ്ങളാല്‍ പ്രാധാന്യമുള്ള മറ്റിടങ്ങള്‍, പുരാവസ്തു പ്രാധാന്യമുള്ള ഇടങ്ങള്‍ എന്നിവിടങ്ങളിലും വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കുന്നതിന് അനുമതി ഉണ്ടായിരിക്കില്ല.