സോക്ക ലോകകപ്പ് സിക്സ് എ സൈഡ് ഫുട്‌ബാൾ ടൂർണമെന്‍റിനെ വരവേൽക്കാനൊരുങ്ങി ഒമാൻ
മസ്കത്ത്: സോക്ക ലോകകപ്പ് സിക്സ് എ സൈഡ് ഫുട്‌ബാൾ ടൂർണമെന്‍റിന് നവംബർ 29 മുതൽ ഡിസംബർ എട്ടുവരെ ഒമാനിൽ നടക്കും. മിഡിലീസ്റ്റിൽ ആദ്യമായി നടക്കുന്ന ഈ കളി മാമാങ്കത്തിൽ ലോകമെമ്പാടുമുള്ള 40 ടീമുകൾ മത്സരിക്കും. അഞ്ച് ടീമുകൾ വീതം എട്ട് ഗ്രൂപ്പുകളിലായാണ് തിരിച്ചിരിക്കുന്നതെന്ന് മിഡിലീസ്റ്റ് സോക്ക ഫെഡറേഷൻ പ്രസിഡന്‍റും സംഘാടക സമിതി ഡയറക്ടറുമായ വലീദ് അൽ ഉബൈദാനി അറിയിച്ചു.
ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നതിനായി ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനിൽ അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആധുനിക സ്റ്റേഡിയം നിർമ്മിച്ചിട്ടുണ്ട്. കായിക മത്സരങ്ങൾക്ക് അസാധാരണമായ ഒരു പ്ലാറ്റ്ഫോം നൽകാനുള്ള ഒമാന്‍റെ പ്രതിബദ്ധതയാണ് ഈ അത്യാധുനിക സൗകര്യം പ്രതിഫലിപ്പിക്കുന്നതെന്ന് ഉബൈദാനി പറഞ്ഞു.
സോക്ക ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നത് ഒമാനെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നാഴികക്കല്ലാണെന്നും ആഗോള കായികരംഗത്ത് അതിന്‍റെ വർധിച്ചുവരുന്ന സാന്നിധ്യം അടിവരയിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ടൂർണമെന്‍റിൽ ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി 11 വരെ കുടുംബ, സൗഹൃദ, വിനോദ, സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും. ഇത് സന്ദർശകർക്കും പങ്കെടുക്കുന്നവർക്കും ആവേശം പകരുന്നതായിരിക്കും.
ഒമാന്‍റെ നൂതന സമീപനവും ആഗോള നിലവാരത്തിൽ നിർമിച്ച പുതിയ സ്റ്റേഡിയവും പ്രശംസനീയമാണെന്ന് ഇന്‍റർനാഷനൽ സോക്ക ഫെഡറേഷന്‍റെ പ്രതിനിധി ജൂലിയ പോട്ടർ പറഞ്ഞു. രാജ്യത്തുടനീളം നടന്ന പ്രാദേശിക സോക്ക ടൂർണമെന്‍റുകളിലൂടെയാണ് ഒമാനി ടീമിനെ തിരഞ്ഞെടുത്തത്. അന്തിമ ലൈനപ്പിനെയും കോച്ചിങ് സ്റ്റാഫിനെയും ഉടൻ പ്രഖ്യാപിക്കും.
യു.എസ്, ഇറ്റലി, കാനഡ, ഖത്തർ എന്നിവക്കൊപ്പം ഗ്രൂപ് ഒന്നിലാണ് ഒമാൻ. ജർമനി, ബൾഗേറിയ, ജോർജിയ, ലിബിയ, സെർബിയ എന്നിവർ ഗ്രൂപ് രണ്ടിലും മൂന്നിൽ ഗ്രീസ്, ബെൽജിയം, സൈപ്രസ്, കുവൈത്ത്, ഇറാഖ് എന്നിവരുമാണ്. ബ്രസീൽ, ഈജിപ്ത്, അയർലൻഡ്, കൊളംബിയ, ഇറാൻ എന്നിവരടങ്ങുന്നതാണ് ഗ്രൂപ് നാല്. പോളണ്ട്, ഫ്രാൻസ്, തുർക്കി, പാകിസ്താൻ, ഹെയ്തി എന്നിവരാണ് അഞ്ചിലുള്ളത്. ആറിൽ മെക്‌സിക്കോ, ലാത്വിയ, അൽബേനിയ, പെറു, ആസ്‌ട്രേലിയ എന്നിവയുണ്ട്. ഗ്രൂപ് ഏഴിൽ കസാക്കിസ്താൻ, ഇംഗ്ലണ്ട്, റൊമാനിയ, ഉറുഗ്വേ, സുഡാനും എട്ടിൽ ക്രൊയേഷ്യ, ഹംഗറി, അർജന്‍റീന, ടുണീഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയും ഉൾപ്പെടുന്നു.
സോക്ക ലോകകപ്പ് സിക്സ് എ സൈഡ് ഫുട്ബാൾ ടൂർണമെന്‍റ് ഇന്‍റർനാഷനൽ സോക്ക ഫെഡറേഷനാണ് നിയന്ത്രിക്കുന്നത് 2018ൽ പോർച്ചുഗലിലാണ് സോക്ക ലോകകപ്പ് ഫുട്ബാൾ ടൂർണമെന്‍റ് ആരംഭിക്കുന്നത്. ടൂർണമെന്‍റ് ഭാവിയിൽ കൂടുതൽ അന്താരാഷ്ട്ര ടൂർണമെന്‍റുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഒമാന്‍റെ സാധ്യതകൾ വർധിപ്പിക്കും. സോക്ക ലോകകപ്പിന്‍റെ വിജയം ഉറപ്പാക്കാൻ യോജിച്ച ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മേഖലയിലെ ഫുട്‌ബാളിന്‍റെ വളർച്ചക്കും പ്രോത്സാഹനത്തിനും സോക ലോകകപ്പ് ഗണ്യമായ സംഭാവന നൽകുമെന്നും വലീദ് അൽ ഉബൈദാനി പറഞ്ഞു.
്േുേിു