വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പുതിയ നിയമവുമായി സി.എ.എ
മസ്കത്ത്: വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) . കഴിഞ്ഞ ദിവസം പുറത്തിറക്കിയ മന്ത്രിതല ഉത്തരവിന്റെ അടിസ്ഥാനത്തിൽ യാത്രക്കാർക്ക് അനുകൂലമായ നിയമം നടപ്പിലാക്കിയിരിക്കുകയാണ്. യാത്രക്കാർ പാലിക്കേണ്ട നിമയ നിർദേശങ്ങളും വിമന കമ്പനികൾ പാലിക്കേണ്ട നിയമങ്ങളും പുതിയ ഉത്തരവിലുണ്ട്. വിമാനം വൈകിയാൽ താമസ സൗകര്യം, വൈകിയതുമൂലം യാത്രക്കാരനുണ്ടായ പ്രയാസങ്ങൾക്കും നഷ്ടങ്ങൾക്കും പരിഹാരം നൽകൽ എന്നിവ നേരത്തേ തന്നെ ഒമാന്റെ ഏവിയേഷൻ നിയമത്തിലുണ്ട്. പുതിയ നിയമമനുസരിച്ച് വിമാന കമ്പനികൾ യാത്രക്കാരോട് പാലിക്കേണ്ട വ്യവസ്ഥകളും വ്യക്തമാക്കുന്നു. ഇതനുസരിച്ച് യാത്രക്കാരിൽ നിന്ന് നേരത്തേ പ്രഖ്യാപിച്ചതല്ലാത്ത ഫീസുകളോ അധിക നിരക്കുകളോ ഈടാക്കാൻ പാടില്ല. വിമാന കമ്പനികൾ അമിത ബുക്കിങ്ങുകൾ നടത്താൻ പാടില്ല. ഇങ്ങനെ അധിക ബുക്കിങ് മൂലം യാത്രക്കാന്റെ ഇഷ്ട പ്രകാരമല്ലാതെ യാത്ര മുടക്കേണ്ടി വന്നാൽ വിമാനകമ്പനികൾ യാത്രക്കാരന്റെ അവകാശങ്ങൾ രേഖാമൂലം നൽകണം.
യാത്രക്കാരന് അതേ വിമാനക്കമ്പനിയുടെ മറ്റ് വിമാനങ്ങളിലോ മറ്റ് വിമാന കമ്പനിയുടെ വിമാനത്തിലോ യാത്ര ചെയ്യാൻ അവസരമൊരുക്കണം. ഇത്തരം അവസരത്തിലുണ്ടാവുന്ന നിരക്ക് വ്യത്യാസം വിമാന കമ്പനികൾ നൽകണം. അതേ വിമാനത്തിൽ ഉയർന്ന ക്ലാസുകളിൽ സീറ്റുകളുണ്ടെങ്കിൽ അധിക നിരക്കുകൾ ഈടാക്കാതെ ഈ സീറ്റുകൾ നൽകണം. വിമാനം റദ്ദാക്കി രണ്ട് മണിക്കൂറിനുള്ളിൽ പുതിയ യാത്ര സൗകര്യം ഒരുക്കുകയാണെങ്കിൽ യാത്രക്കാരന് ആനുകൂല്യങ്ങൾ ലഭിക്കില്ല. നിശ്ചിത സമയത്തിന് രണ്ട് മുതൽ ആറ് മണിക്കൂറിനുള്ളിൽ വൈകിയാണ് യാത്ര പുറപ്പെടുന്നതെങ്കിൽ ടിക്കറ്റിന്റെ 50 ശതമാനം നഷ്ടപരിഹാരമായി ആവശ്യപ്പെടാവുന്നതാണ്. നിശ്ചിത സമയത്തിന് ആറ് മണിക്കൂറിലധികം വൈകിയാണ് വിമാനം ബോർഡിങ് നടത്തുന്നതെങ്കിൽ യാത്രക്കാരന് വിമാന കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടാം. വിമാന കമ്പനികൾ യാത്രക്കാരന്റെ യാത്ര റദ്ദാക്കുകയാണെങ്കിൽ ഉപയോഗപ്പെടുത്താത്ത ടിക്കറ്റിന്റെ നിരക്ക് പൂർണമായി തിരിച്ച് നൽകേണ്ടതാണ്.
വിമാനം റദ്ദാക്കുന്നത് യാത്രക്ക് 14 ദിവസം ഉള്ളിലാണെങ്കിൽ 1500 കിലോ മീറ്റർ വരെയുള്ള യാത്രക്ക് 108 റിയാൽ നഷ്ടപരിഹാരം നൽകണം. 1500 മുതൽ 3500 വരെ കിലോ മീറ്റർ ദൈർഘ്യമുണ്ടെങ്കിൽ 173 റിയാൽ നഷ്ട പരിഹാരം നൽകണം. 3500 കിലോ മീറ്ററിൽ കൂടുതലാണെങ്കിൽ 260 റിയാൽ നഷ്ട പരിഹാരം നൽകണം. പുറപ്പെടുന്ന വിമാനത്താവളം മുതൽ ടിക്കറ്റെടുത്ത അവസാന പോയിന്റ് വരെയാണ് നഷ്ട പരിഹാരത്തിന് കണക്കാക്കുക. എന്നാൽ 14 ദിവസം മുമ്പ് റദ്ദാക്കൽ വിവരം യാത്രക്കാരനെ അറിയിച്ചാൽ നഷ്ടപരിഹാരം ലഭിക്കില്ല. എന്നാൽ, ടിക്കറ്റ് നിരക്കുകൾ തിരിച്ച് ലഭിക്കാനും അല്ലെങ്കിൽ മറ്റ് വിമാനങ്ങളിൽ ടിക്കറ്റ് ആവശ്യപ്പെടാനും യാത്രക്കാരന് അവകാശമുണ്ടാവും.
dsfgdfg