സലാല ടൂറിസം ഫെസ്റ്റിവലിന് തുടക്കമായി


മസ്കത്ത്: സലാല ടൂറിസം ഫെസ്റ്റിവലിന് തുടക്കമായി. ഇനിയുള്ള 90 ദിനരാത്രങ്ങൾ സലാലയിലും പരിസര പ്രദേശങ്ങളിലും ഉത്സവാന്തരീക്ഷത്തിൽ വിവിധങ്ങളായ പരിപാടികൾ അരങ്ങേറും. ഖരീഫ് സീസണിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ഇത്തവണ 90 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ 45 ദിവസങ്ങളിലായായിരുന്നു  നടത്തിയിരുന്നത്. നിലവിലുള്ളതിനോടൊപ്പം പുതിയ സ്ഥലങ്ങളിലും ഫെസ്റ്റിവൽ പരിപാടികൾ നടക്കും. അൽ മുറൂജ് തിയേറ്ററിലും മറ്റും നടക്കുന്ന ഒമാനി, അറബ് കലാകച്ചേരികൾക്കൊപ്പം അന്താരാഷ്‌ട്ര പരിപാടികൾ ഇത്തീൻ സ്ക്വയറിൽ അരങ്ങേറും. ഇത്തീൻ സ്ക്വകയറിൽ  സ്‌പോർട്‌സ് ചലഞ്ച് ഫീൽഡ്, ലൈറ്റ് ആൻഡ് ലേസർ ഷോകൾ, സന്ദർശക സേവനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പുതിയതും ആകർഷകവുമായ കാര്യങ്ങളായിരിക്കും ഒരുക്കുക.  ഈ സീസണിൽ ഉപഭോക്തൃ പ്രദർശനം സംഘടിപ്പിക്കുന്നതിന് വ്യത്യസ്തമായ സമീപനവുമുണ്ടാകും. സദ ഏരിയയിൽ ആദ്യമായി ‘റിട്ടേൺ ടു പാസ്റ്റ്’  എന്നപേരിലും പ്രവർത്തനങ്ങൾ നടത്തും. പരമ്പരാഗത കലകൾ, പൈതൃക വിപണികൾ, വൈവിധ്യമാർന്ന കരകൗശല ഉൽപന്നങ്ങൾ, ഒമാനി സംസ്കാരം ഉൾക്കൊള്ളുന്ന തത്സമയ കലകളും പ്രകടനങ്ങളുമായിരിക്കും ഇവിടെ അവതരിപ്പിക്കുക.  അന്താരാഷ്ട്ര ഗ്രാമങ്ങൾ, അമ്യൂസ്മെന്‍റ് ഏരിയകൾ, വിനോദ പ്രവർത്തനങ്ങൾ, ലൈറ്റ് മോഡലുകൾ, വിവിധ റസ്റ്ററന്‍റുകൾ, കഫേകൾ എന്നിവയുള്ള  ഔക്കാദ് പാർക്ക് കുട്ടികൾക്കായി പ്രത്യേകം ഒരുക്കുമെന്നും  സംഘാടകർ പറഞ്ഞു.  

സ്പോർട്സിനെ പിന്തുണക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ശാരീരിക ആരോഗ്യം നിലനിർത്തുന്നതിനുള്ള അവബോധം വളർത്തുന്നതിനുമായി വിവിധ പ്രായക്കാരെ ലക്ഷ്യമിട്ടുള്ള കായിക പ്രവർത്തനങ്ങൾ സലാല പബ്ലിക് പാർക്കിലും നടക്കും. ബന്ധപ്പെട്ട ഒമാനി അധികൃതരുമായി സഹകരിച്ച് സാംസ്കാരിക−സാഹിത്യ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആദ്യമായി ദോഫാർ ഇന്‍റർനാഷനൽ തിയറ്റർ ഫെസ്റ്റിവൽ സംഘടിപ്പിക്കും. 

വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നതിനായി മികച്ച മുന്നൊരുക്കങ്ങളാണ് അധികൃതർ നടത്തിയിട്ടുള്ളത്. ദോഫാറിലേക്കുള്ള  റോഡുകളിലും ഗതാഗതം ക്രമീകരിക്കുന്നതിനു മതിയായ പൊലീസ് സേവനം ഉറപ്പാക്കും. ഹരിത ഇടങ്ങളും ബീച്ചുകളും സുരക്ഷിതമാക്കുക, സന്ദർശകരുടെ സുരക്ഷ  നിലനിർത്തുക തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യനായി മാസങ്ങൾക്കു മുമ്പ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. പദ്ധതികൾ,  പ്രവർത്തനങ്ങൾ, വികസനങ്ങൾ, ഖരീഫ് ദോഫാർ  ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകൾ എന്നിവക്കുപുറമെ ഗതാഗതം സുഗമമാക്കുന്നതിനുള്ള നിർദേശങ്ങളും  ദോഫാർ മുനിസിപ്പൽ കൗൺസിൽ യോഗം ചർച്ച ചെയ്തിരുന്നു. പൊതുഗതാഗത സേവനങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനുമുള്ള നിർദേശങ്ങളും ടാക്സി ലൈസൻസിങിനായി അംഗീകൃത സംവിധാനങ്ങൾ സജീവമാക്കുന്നതിനുള്ള കാര്യങ്ങളും ചർച്ച ചെയ്തു.    

റോഡുമാർഗം ഗവർണറേറ്റിലേക്കെത്തുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ വിവിധ വിലായത്തുകളിലെ സ്റ്റേഷനുകളിൽ ഇന്ധനത്തിന്‍റെ അളവ് വർധിപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്.    ഖരീഫ് സീസണിന്‍റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ വിവിധ ക്രമീകരണങ്ങളാണ്  റോയൽ ഒമാൻ പൊലീസിന്‍റെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്. വാഹനാപകടങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ട് സലാലയിലേക്കുള്ള റോഡുകളിൽ പട്രോളിങും പരിശോധനകളും ഏർപ്പെടുത്തും.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed