കഥകളിയിൽ അരങ്ങേറ്റം കുറിച്ച ആദ്യ ട്രാൻസ് വുമണായി രഞ്ജു മോൾ
കഥകളിയിൽ അരങ്ങേറ്റത്തോടെ ചരിത്രം കുറിച്ച് ട്രാൻസ് യുവതി. തൃപ്പൂണിത്തുറ ആർഎൽവി മ്യൂസിക് ആന്റ് ഫൈൻ ആർട്‌സ് കോളജിലെ ബിഎ കഥകളി രണ്ടാം വർഷ വിദ്യാർത്ഥിനി രഞ്ജുമോളാണ് കഥകളിയിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. കുട്ടിക്കാലത്തൊരിക്കൽ പോലും മനസിലെവിടെയും കാണാത്ത സ്വപ്‌നമായിരുന്നു രഞ്ജുമോൾക്ക് കഥകളി അരങ്ങേറ്റം. ഇന്ന് കഥകളിയിലെ പുറപ്പാടിൽ ശ്രീകൃഷ്ണനായി വേദിയിലെത്തിയപ്പോൾ ചരിത്രമാണ് സൃഷ്ടിക്കപ്പെട്ടത്. കഥകളിയിൽ അരങ്ങേറ്റം കുറിച്ച ആദ്യ ട്രാൻസ് വുമൺ എന്ന നേട്ടത്തിനാണ് ഇതോടെ രഞ്ജുമോൾ അർഹയായത്.
കലയുടെ സ്വാധീനം ചെറുപ്പത്തിലേ രഞ്ജുവിന്റെ കുടുംബാന്തരീക്ഷത്തിലുണ്ടായിരുന്നു. രഞ്ജുമോളുടെ പിതാവിന്റെ അടുത്ത സുഹൃത്ത് കഥകളി കലാകാരനായിരുന്നു. അങ്ങനെയാണ് രഞ്ജുവിനും കഥകളിയോട് അടുപ്പമുണ്ടാകുന്നത്. ഒടുവിൽ കഥകളി പഠിക്കാൻ തീരുമാനിച്ചപ്പോൾ, ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിലെ കഥകളി വിഭാഗം മേധാവി കലാമണ്ഡലം രാധാകൃഷ്ണന് രഞ്ജുമോൾ കത്തെഴുതി. ആ കത്തിന്റെ പ്രതികരണമാണ് രഞ്ജുവിനെ കഥകളിയിൽ അരങ്ങേറാൻ സഹായിച്ചത്.
കഥകളി പഠിക്കുന്നതിൽ പൂർണ്ണ പിന്തുണ നൽകുമെന്ന് അധ്യാപകൻ ഉറപ്പുനൽകി. അതോടെ രഞ്ജുവിന്റെ ആത്മവിശ്വാസം വർധിച്ചു. കോളേജിൽ ഒരു വിവേചനവും നേരിട്ടിട്ടില്ലെന്നും അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ പിന്തുണച്ചെന്നും രഞ്ജുമോൾ പറയുന്നു. ഈ പിന്തുണയും സഹായവും തുടർന്നും കിട്ടിയാൽ കഥകളി തന്നെ മുന്നോട്ടുള്ള ജീവിതമാക്കി മാറ്റാനാണ് രഞ്ജുമോളുടെ ആഗ്രഹം.
അതിനിടെ, കഥകളിയല്ല, ഉപജീവനമാർഗം കണ്ടെത്താനാണ് ശ്രമിക്കേണ്ടതെന്ന ഉപദേശവും പലകോണുകളിൽ നിന്നുമുണ്ടായി. ഉറച്ച ആത്മവിശ്വാസവും കഠിനപ്രയത്‌നവും ഒന്നുകൊണ്ടുമാത്രം ഒടുവിൽ രഞ്ജുമോൾ സ്വന്തം സ്വപ്‌നം സാക്ഷാത്കരിച്ചു. രഞ്ജുന്റെ കഥകളി അരങ്ങേറ്റം കോളേജിന് അഭിമാനമാണെന്ന് അധ്യാപകൻ കലാമണ്ഡലം രാധാകൃഷ്ണൻ പറഞ്ഞു. പെൺകുട്ടികൾക്കായി കഥകളി അരങ്ങേറ്റത്തിന് തുടക്കം കുറിച്ചത് ആർഎൽവി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ് ആയിരുന്നു.
ിബപി