പാക് ചരിത്രത്തിലെ ആദ്യ സുപ്രീംകോടതി ജഡ്ജി ആയിഷ മാലിക്
പാകിസ്താന്റെ ചരിത്രത്താളുകളിൽ ഇടംനേടി ആദ്യസുപ്രീം കോടതി വനിതാ ജഡ്ജിയായി അധികാരമേറ്റ് അയിഷാ മാലിക്. വലിയ മുന്നേറ്റമാണ് അയിഷ കാഴ്ച്ചവച്ചതെന്ന് സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന നിയമജ്ഞനായ നിഗാത് ദാദ് പറഞ്ഞു. ജുഡീഷ്യൽ സംവിധാനത്തിലെ പുരുഷാധിപത്യ സ്വഭാവം പൊളിച്ചടുക്കാൻ അയിഷയ്ക്കാകട്ടെ എന്ന് നിരവധി മനുഷ്യാവകാശ പ്രവർത്തകർ അഭിപ്രായപ്പെട്ടു.
ജുഡീഷ്യൽ സംവിധാനത്തിലെ എല്ലാ തടസ്സങ്ങളെയും അയിഷ തകർത്തെറിഞ്ഞു എന്നും മറ്റു സ്ത്രീകൾക്കും മുന്നോട്ടു നയിക്കാൻ ഇത് സഹായകമാകുമെന്നും നിയമജ്ഞയും സ്ത്രീ സംരക്ഷണ പ്രവർത്തകയുമായ ഖദീജ സിദ്ധിഖി പറഞ്ഞു. ഭാവിയിൽ സ്ത്രീ കേന്ദ്രീകൃത തീരുമാനങ്ങളിലേക്ക് ഈ നിയമനം നയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു.
ഹാർവാഡ് സർവകലാശാലയിൽ നിന്ന് പഠിച്ചിറങ്ങിയ അയിഷ ലാഹോർ ഹൈക്കോടതിയിൽ കഴിഞ്ഞ ഇരുപതു വർഷത്തോളം ജഡ്ജിയായി പ്രവർത്തിച്ചിരുന്നു. ഏറെ വിവാദങ്ങൾക്കൊടുവിലാണ് അയിഷ സുപ്രീംകോടതി ജഡ്ജി പദവിയിലെത്തുന്നത്. ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ് അധ്യക്ഷനായ പാകിസ്താൻ ജുഡീഷ്യൽ കമ്മീഷനാണ് അയിഷയുടെ നിയമനത്തിന് അംഗീകാരം നൽകിയത്. നാലിനെതിരെ അഞ്ചു വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് അയിഷയെ സുപ്രീം കോടതി ജഡ്ജിയാക്കിയത്.
രണ്ടുതവണ അയിഷ മാലിക്കിന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച് തീരുമാനമെടുക്കാൻ പാകിസ്താൻ ജുഡീഷ്യൽ കമ്മീഷൻ യോഗം ചേർന്നിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിലാണ് പാക് ജുഡീഷ്യൽ കമ്മീഷനു മുന്പാകെ അയിഷ മാലിക്കിന്റെ പേർ ആദ്യമായി വരുന്നത്. പക്ഷേ, പാനൽ തുല്യ അംഗങ്ങൾ ഇരുവിഭാഗങ്ങളായി തിരിഞ്ഞതോടെ സ്ഥാനാർത്ഥിത്വം നിരസിക്കപ്പെടുകയായിരുന്നു.
അയിഷയുടെ നിയമനത്തിൽ സീനിയോറിറ്റി പ്രശ്നം ആരോപിച്ച് സുപ്രീംകോടതി ബാർ അസോസിയേഷൻ രംഗത്തെത്തുകയും ചെയ്തിരുന്നു. അയിഷ തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിഷേധം അറിയിച്ച് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അഫ്രീദി രാജ്യമെന്പാടും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. രാജ്യത്തെ അഞ്ച് ഹൈക്കോടതികളിൽ ജഡ്ജുമാരായിരിക്കുന്നവരേക്കാൾ ചെറുപ്പമാണ് അയിഷയ്ക്കെന്നാണ് അബ്ദുൽ ലത്തീഫ് അഫ്രീദി ആരോപിച്ചത്. നിലവിൽ ലാഹോർ ഹൈക്കോടതി ജഡ്ജി സീനിയോറിറ്റി പട്ടികയിൽ നാലാം സ്ഥാനത്താണ് അയിഷ മാലിക്. 2031 വരെ അയിഷ മാലിക്കിന് സുപ്രീം കോടതി ജഡ്ജിയായി തുടരാനാകും.