രണ്ട് വർഷത്തിനിടെ കഫെ കോഫീ ഡേയുടെ 5,500 കോടി രൂപയുടെ കടം വീട്ടി മാളവിക ഹെഗ്ഡെ
കടം കയറി ആത്മഹത്യ ചെയ്ത കോഫി ഡേ ശൃംഖലയുടെ ചെയർമാൻ വിജെ സിദ്ധാർത്ഥയുടെ ഭാര്യ മാളവിക ഹെഗ്ഡെ ഇപ്പോൾ വാർത്തകളിലെ താരമായിരുക്കുകയാണ്. കഫെ കോഫീ ഡേ എന്ന സ്ഥാപനത്തെ തകർച്ചയുടെ വക്കിൽ നിന്ന് കരകയറ്റി എന്നു മാത്രമല്ല സ്ഥാപനത്തിൻെറ 5,500 കോടി രൂപയുടെ കട ബാധ്യത തീർത്തിരിക്കുകയാണ് ഈ ധീര വനിത. ഭർത്താവിന്റെ മരണത്തിനു മുന്നിൽ പകച്ചു നിന്ന മാളവികയുടെ മുഖമാണ് എല്ലാവരുടെ മുന്പിലുള്ളതെങ്കിലും തെല്ലും തോറ്റുകൊടുക്കാൻ തയ്യാറാകാതെ ആ വനിത ധീരമായി തന്നെ പോരാടി. 7,200 കോടി രൂപ കടബാധ്യതയുണ്ടായിരുന്ന സ്ഥാപനത്തിന്റെ 5,500 കോടി രൂപ കടബാധ്യതയും തീർന്നു. കൊവിഡിൽ പല ബിസിനസുകളും തകർച്ച നേരിട്ടപ്പോഴും കഫേ കോഫി ഡേ ബിസിനസ് വളർന്നു. സ്ഥാപനത്തിന് പൂർണമായി താഴിടാതെ നിരന്തരം പ്രവർത്തിച്ചിരുന്നു. എടുത്താൽ പൊങ്ങാത്ത കടബാധ്യതയോട് പോരാടുന്ന ഒരു വനിതയുടെ ഒറ്റയാൾ പോരാട്ടമാണ് ഒടുവിൽ ഫലം കണ്ടത്.
മുൻ കർണാടക മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മകളാണ് മാളവിക ഹെഡ്‍ഗെ. എൻജിനിയറിങ് ബിരുദധാരിയായ മാളവിക ഭർത്താവിന്റെ മരണത്തോടെ അപ്രതീക്ഷിതമായാണ് ബിസിനസ് നേതൃ രംഗത്ത് എത്തുന്നത്. കോഫി ഡേ സിഇഒ ആകുന്നതിന് മുന്പ് കന്പനിയുടെ നോൺ ബോർഡ് അംഗമായിരുന്നു. ഭർത്താവിൻെറ വേർപാട് നൽകിയ മുറിവുകൾ ഉണങ്ങും മുന്പ് തന്നെ മാളവിക സ്ഥാപനത്തെ കടക്കെണിയിൽ നിന്ന് കരകയറ്റിത്തുടങ്ങി.
ഓരോ വർഷവും കടബാധ്യകൾ ഗണ്യമായി കുറയ്ക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഉത്തരവാദിത്തങ്ങൾ ഏറിയെങ്കിലും ഭർത്താവ് ഏൽപ്പിച്ച് പോയ ജോലി ഏറ്റവും ഭംഗിയായി നിർവഹിക്കണമെന്ന വാശിയാണ് മുന്നോട്ട് നയിക്കുന്നത്. ഒരു രൂപ പോലും കടബാധ്യത ഇല്ലാത്ത കന്പനിയാണ് മാളവികയുടെ സ്വപ്നം.
കഫേ കോഫീ ഡേ പൂർണമായും കടരഹിത കന്പനിയാക്കണമെന്ന് ശതകോടിഡോളറുകളുടെ ബിസിനസ് സാമ്രാജ്യം ആക്കണമെന്നുമാണ് മാളവികയുടെ സ്വപ്നം. ഇതിന് കരുത്തേകി ഭർത്താവിൻെറ ഓർമകളും ഒപ്പമുണ്ട്. പുതിയ നിക്ഷേപകരെ കണ്ടെത്തുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസ്യത നിലനിർത്തുന്നതിലുമാണ് ഇവർ ഇപ്പോൾ പൂർണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇനി കോഫിഡേക്ക് മുന്നിലുള്ളത് 1731 കോടി രൂപയുടെ കടബാധ്യത മാത്രം. വരും വർഷങ്ങളിൽ ഈ കടവും നീക്കാൻ മാളവികയ്ക്കാകും.
ഭർത്താവിന്റെ വിയോഗത്തിന് തൊട്ടുപിന്നാലെ,കന്പനിയിലെ 25,000 ജീവനക്കാർക്ക് മാളവിക ഒരു കത്തയച്ചിരുന്നു. കോഫി ഡേ ഏറ്റെടുക്കുമെന്നും കടം കുറയ്ക്കാൻ ഒരുമിച്ച് പോരാടണമെന്നും കന്പനിയുടെ ഭാവിയെക്കുറിച്ച് ഉറപ്പ് നൽകുന്നതായുമാണ് കത്തിൽ പരാമർശിച്ചിരുന്നത്. രണ്ട് വർഷത്തിനുള്ളിൽ നിരന്തര പരിശ്രമത്തിലൂടെ ജീവനക്കാർക്ക് നൽകിയ ഉറപ്പ് ഒരു പരിധി വരെ പാലിച്ചിരിക്കുകയാണ് മാളവിക. നിലവിൽ 572 സ്റ്റോറുകളാണ് കഫെ കോഫീ ഡേ ശൃംഖലയ്ക്ക് കീഴിൽ രാജ്യത്തുള്ളത്.