ഇടക്കാല ജാമ്യം നീട്ടി നൽകണം; ആവശ്യവുമായി കെജ്‌രിവാൾ സുപ്രീം കോടതിയിൽ
ഇടക്കാല ജാമ്യം ഒരാഴ്ച്ച കൂടി നീട്ടണമെന്ന ആവശ്യവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹി മദ്യ നയ അഴിമതി കേസിൽ ജാമ്യത്തിൽ കഴിയുന്ന കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യം ജൂണ്‍ ഒന്നിന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് ജാമ്യം ഏഴ് ദിവസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ആരോഗ്യപ്രശ്‌നങ്ങൾ മുന്‍നിർത്തിയാണ് ഹർജി. ഏഴ് കിലോ തൂക്കം കുറഞ്ഞ തനിക്ക് പിഇടി−സിടി സ്‌കാന്‍ അടക്കം മെഡിക്കൽ പരിശോധനകൾ ആവശ്യമാണെന്നും ജാമ്യം നീട്ടി നൽകണമെന്നും കെജ്‌രിവാൾ ഹർജിയിലൂടെ കോടതിയുടെ ശ്രദ്ധയിൽകൊണ്ടുവന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാന്‍ ജുണ്‍ 1 വരെ വരെ ജാമ്യത്തിൽ കഴിയുന്ന കെജ്‌രിവാളിന് ജൂണ്‍ 2ന് തീഹാർ ജയിലിലേക്ക് മടങ്ങണം.
മാക്‌സ് ആശുപത്രിയിലെ മെഡിക്കൽ സംഘം ഇതിനകം പ്രാഥമിക പരിശോധനകൾ നടത്തിയിട്ടുണ്ട്. തുടർ പരിശോധന അനിവാര്യമാണെന്നും സാഹചര്യം പരിഗണിച്ച് കോടതി ഇടക്കാലജാമ്യം നീട്ടിനൽകണമെന്നാണ് കെജ്‌രിവാളിന്റെ അഭിഭാഷകൻ്റെ ആവശ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ കെജ്‌രിവാളിന് ജാമ്യം അനുവദിച്ചതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. കെജ്‌രിവാളിന് കോടതിയുടെ ‘പ്രത്യേക ചികിത്സ’ എന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി വിമർശനം. അതിനിടെ ജൂണ്‍ ഒന്നിന് ഇന്‍ഡ്യാ മുന്നണി യോഗം വിളിച്ചിട്ടുണ്ട്. മുന്നണിയിലെ മുഴുവന്‍ രാഷ്ട്രീയ പാർട്ടികളെയും യോഗത്തിൽ
പങ്കെടുപ്പിക്കാനാണ് തീരുമാനം. എന്നാൽ കെജ്‌രിവാൾ പങ്കെടുക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ജനങ്ങൾ ‘ഇന്‍ഡ്യ’ ബ്ലോക്കിന് വോട്ട് ചെയ്താൽ തനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരില്ല എന്ന് ജാമ്യം ലഭിച്ചതിന് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ കെജ്‌രിവാൾ ജനങ്ങളോട് പറഞ്ഞിരുന്നു. ഈ പ്രസംഗത്തിനെതിരെ ഇഡി കോടതിയെ സമീപിച്ചെങ്കിലും കോടതി ഇഡിയുടെ വാദം അംഗീകരിച്ചിരുന്നില്ല. മാർച്ച് 21നാണ് ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. കെജ്‌രിവാളിന് ജാമ്യം നൽകരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. 21 ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചത്. ഇടക്കാല ജാമ്യം അനുവദിച്ചാലും ഭരണപരമായ ചുമതലകൾ നിർവഹിക്കരുത് എന്ന് കേസ് പരിഗണിക്കവെ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുക മൗലികാവകാശമല്ലെന്ന് ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യത്തെ ഇഡി ശക്തമായി എതിർത്തിരുന്നു.
saddsfs