വോട്ടെടുപ്പ് ദിവസം തന്‍റെ മൊബൈലിൽനിന്നും കോൾ ചെയ്യാനുള്ള സൗകര്യം തടഞ്ഞെന്ന് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി


ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം തന്‍റെ മൊബൈൽ ഫോണിൽനിന്നും കോൾ ചെയ്യാനുള്ള സൗകര്യം തടഞ്ഞെന്ന് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. യാതൊരു മുന്നറിയിപ്പുമില്ലാതെ ഫോണിലെ ഔട്ട് ഗോയിങ് സൗകര്യം തടയുകയായിരുന്നെന്ന് മെഹ്ബൂബ പി.ടി.ഐയോട് പറഞ്ഞു.രാവിലെ മുതൽ എനിക്ക് ഫോണിൽനിന്ന് വിളിക്കാൻ കഴിയുന്നില്ല. അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് ദിവസം സർവീസുകൾ പെട്ടെന്ന് നിർത്തിവെച്ചതിന് വിശദീകരണമൊന്നും നൽകിയിട്ടില്ല −അവർ കുറ്റപ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കുന്ന അനന്ത്നാഗ്−രജൗരി ലോക്‌സഭാ മണ്ഡലത്തിൽനിന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയായ മെഹ്ബൂബ മത്സരിക്കുന്നുണ്ട്. 

സംഭവത്തെക്കുറിച്ച് വിമർശനവുമായി പി.ഡി.പി എക്സിൽ രംഗത്തെത്തി. വോട്ടെടുപ്പിന് തൊട്ടുമുമ്പ് മെഹ്ബൂബ മുഫ്തിയുടെ ഫോൺ സേവനം പെട്ടെന്ന് നിർത്തലാക്കിയെന്നും, നിരവധി പി.ഡി.പി പ്രവർത്തകരെയും പോളിങ് ഏജന്‍റുമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പാർട്ടി സമൂഹമാധ്യമത്തിൽ ആരോപിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനുകളിലെത്തിയ കുടുംബാംഗങ്ങളോട്, നടപടി അനന്ത്നാഗ് എസ്.എസ്.പിയുടെയും സൗത്ത് കശ്മീർ ഡി.ഐ.ജിയുടെ നിർദേശാനുസരണം ആണെന്നാണ് പറഞ്ഞതെന്നും പി.ഡിപി പറയുന്നു. അനന്തനാഗ്−രജൗരി മണ്ഡലത്തിലെ വോട്ടെടുപ്പിൽ വലിയ തോതിൽ കൃത്രിമം നടന്നതായി മെഹ്ബൂബ മുഫ്തി ആരോപിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ വൻ കൃത്രിമം നടക്കുന്നതായി പരാതി ലഭിച്ചതായും മെഹ്ബൂബ പറഞ്ഞു. തുടർന്ന് അവർ പാർട്ടി പ്രവർത്തകർക്കൊപ്പം പോളിങ് കേന്ദ്രത്തിനു പുറത്ത് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

article-image

adsff

You might also like

  • Lulu Exchange
  • Straight Forward

Most Viewed