പശ്ചിമബംഗാളിലെ വോട്ടിങ് മെഷീനുകളിൽ ബി.ജെ.പിയുടെ ടാഗ് കണ്ടെത്തിയതായി തൃണമൂൽ കോൺഗ്രസ്
പശ്ചിമബംഗാളിലെ രഘുനാഥ്പൂരിൽ അഞ്ച് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ ബി.ജെ.പിയുടെ ടാഗ് കണ്ടെത്തിയതായി തൃണമൂൽ കോൺഗ്രസ്. ഇതെ കുറിച്ച് തെരഞ്ഞെടുപ്പ് കമീഷൻ വിശദമായി അന്വേഷണം നടത്തണമെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. “ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ കൃത്രിമത്വം നടത്തി ബി.ജെ.പി ഇന്ത്യയിൽ വിജയിക്കുന്നതിനെ കുറിച്ച് മമത ബാനർജി കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ന് ബങ്കൂരയിലെ രഘുനാഥ്പൂരിൽ അഞ്ച് ഇ.വി.എമ്മുകളിൽ ബി.ജെ.പിയുടെ ടാഗുകൾ കണ്ടെത്തി. ഇതെ കുറിച്ച് എത്രയും പെട്ടെന്ന് അന്വേഷണം നടത്തി നടപടി സ്വീകരിക്കണം.‘’−എന്നാണ് തൃണമൂൽ കോൺഗ്രസ് എക്സിൽ കുറിച്ചത്.
ആറാംഘട്ടത്തിൽ പശ്ചിമ ബംഗാളിലെ എട്ടു മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. രാജ്യത്തെ ആറു സംസ്ഥാനങ്ങളിൽ നിന്നു 58 പാർലമെന്ററി മണ്ഡലങ്ങളിലാണ് ആറാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പ് നിരവധിയിടങ്ങളിൽ മോക്പോളുകൾ നടത്തിയിരുന്നു.ബിഹാർ(8), ഹരിയാന(10),ജമ്മുകശ്മീർ(1), ഝാർഖണ്ഡ്(4), ഡൽഹി(7), ഒഡിഷ(6), ഉത്തർപ്രദേശ്(14), പശ്ചിമബംഗാൾ(8) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ ഘട്ടത്തിൽ 889 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 25 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 428 പാർലമെന്റ് മണ്ഡലങ്ങളിൽ ഇതിനകം വോട്ടെടുപ്പ് പൂർത്തിയായി. രാജ്യത്ത് 85 വയസിനു മുകളിലുള്ള 8.93 ലക്ഷം വോട്ടർമാരുണ്ടെന്നാണ് കണക്ക്. അതിൽ 23,659 പേർ 100 വയസിനു മുകളിലുള്ളവരാണ്. ജൂൺ ഒന്നിനാണ് വോട്ടെടുപ്പ് പൂർത്തിയാവുക. ജൂൺ നാലിന് ഫലമറിയാം.
sdsfgdsfg