ലോക്സഭാ തെരഞ്ഞെടുപ്പ്; ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. യുപി, ബിഹാർ, ബംഗാൾ, ഹരിയാന, ഒഡീഷ, ജാർഖണ്ഡ്, ഡൽഹി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ ജമ്മു കാഷ്മീരിലെയും 58 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ആകെ 11 കോടി വോട്ടർമാർ. 889 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. ഒഡീഷയിലെ 42 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്തുന്നത്. 2019ൽ ബിജെപി സഖ്യം വൻ വിജയം നേടിയ മണ്ഡലങ്ങളാണിത്. കോൺഗ്രസിനും അന്നത്തെ യുപിഎ സഖ്യത്തിനും ഒറ്റ സീറ്റു പോലും ലഭിച്ചില്ല. ഇത്തവണ ഇന്ത്യാ സഖ്യം വൻ മുന്നേറ്റമാണു ലക്ഷ്യമിടുന്നത്. മേനക ഗാന്ധി മത്സരിക്കുന്ന സുൽത്താൻപുർ ഉൾപ്പെടെ 14 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ്. ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിലാണു പ്രധാന പോരാട്ടം. 2019ൽ എസ്പിക്കൊപ്പം മത്സരിച്ചു നാലു സീറ്റിൽ വിജയിച്ച ബിഎസ്പി ഇത്തവണ ഒറ്റയ്ക്കു പോരാടുന്നു. ഡൽഹിയിൽ ഏഴു മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ്. ബിജെപിക്കെതിരേ ആം ആദ്മി പാർട്ടി−കോൺഗ്രസ് സഖ്യം ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു. ബിജെപി ഏഴു സീറ്റിലും മത്സരിക്കുന്നു.
ഇന്ത്യാ മുന്നണിയിൽ എഎപി നാലിലും കോൺഗ്രസ് മൂന്നിടത്തും മത്സരിക്കുന്നു. 2014ലും 2109ലും ഡൽഹിയിലെ മുഴുവൻ സീറ്റിലും വിജയിച്ചതു ബിജെപിയാണ്. ഡൽഹിയിൽ ആദ്യമായാണ് എഎപിയും കോൺഗ്രസും സഖ്യത്തിൽ മത്സരിക്കുന്നത്. ആകെ 1.52 കോടി വോട്ടർമാർ. ഇതിൽ 2.52 ലക്ഷം പേർ കന്നിവോട്ടർമാരാണ്. ഹരിയാനയിലെ പത്തു മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ബിജെപിക്കെതിരേ കോൺഗ്രസ്−എഎപി സഖ്യം ഇഞ്ചോടിഞ്ചു പോരാട്ടം നടത്തുന്നു. മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, നവീൻ ജിൻഡാൽ, ദീപേന്ദർ ഹൂഡ എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. ബിഹാറിൽ എട്ടു മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ് നടക്കും. ബിജെപി സഖ്യത്തിന്‍റെ ശക്തികേന്ദ്രങ്ങളാണ് ഈ മണ്ഡലങ്ങൾ.
ബംഗാളിലും ബിജെപി ശക്തികേന്ദ്രങ്ങളായ എട്ടു മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. ഒഡീഷയിലെ ആറു മണ്ഡലങ്ങൾ ഇന്നു വിധിയെഴുന്നു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ (സാംബൽപുർ), ബിജെപി വക്താവ് സംബിത് പത്ര (പുരി) എന്നിവരാണു പ്രമുഖ സ്ഥാനാർഥികൾ. ജാർഖണ്ഡിലെ നാലു മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ് നടക്കും. ബിജെപിയുടെ ശക്തികേന്ദ്രങ്ങളാണിവ. ജമ്മു കാഷ്മീരിൽ അനന്ത്നാഗ്−രജൗരി മണ്ഡലത്തിലാണ് ഇന്നു വിധിയെഴുത്ത്. പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയും നാഷണൽ കോൺഫറൻസ് സ്ഥാനാർഥി മിയാൻ അൽതാഫും തമ്മിലാണു പ്രധാന പോരാട്ടം.
dsfsdf