ചികിത്സിക്കാന്‍ പണമില്ല; മാനസികാസ്വാസ്ഥ്യമുള്ള മകളെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി
ചികിത്സിക്കാന്‍ പണമില്ലാത്തതിന്‍റെ പേരില്‍ മാനസികാസ്വാസ്ഥ്യമുള്ള മകളെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. തെലങ്കാനയിലെ രാജന്ന സിർസില്ല ജില്ലയില്‍ മേയ് 14നാണ് സംഭവം. സിർസില്ല ജില്ലയിലെ നെരെല്ല ഗ്രാമത്തിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മകളുടെ ചികിത്സയെ തുടര്‍ന്നുള്ള സാമ്പത്തിക ബാധ്യത ഭയന്നാണ് ദമ്പതികൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് സിർസില്ല പൊലീസ് സൂപ്രണ്ട് അഖിൽ മഹാജൻ ഐപിഎസ് പറഞ്ഞു. യുവതിക്ക് കഴിഞ്ഞ ആറേഴ് വര്‍ഷങ്ങളായി മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. ‘’ചികിത്സയ്ക്ക് ശേഷം, അവൾ സുഖം പ്രാപിക്കുകയും സാധാരണ ജീവിതം നയിക്കുകയും ചെയ്തു. വിവാഹം കഴിക്കുകയും കുട്ടികളുണ്ടാകുകയും ചെയ്തു. എന്നാല്‍ അടുത്തിടെ വീണ്ടും രോഗത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു’’ പൊലീസ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് മാതാപിതാക്കള്‍ മകളെ കരിംനഗറിലുള്ള ഒരു ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. മുന്‍പ് ചെയ്തതു പോലെ മന്ത്രവാദത്തിലൂടെ രോഗം ഭേദമാക്കാമെന്ന വിശ്വാസത്തിലായിരുന്നു ദമ്പതികള്‍. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും യുവതിയുടെ അവസ്ഥയില്‍ മാറ്റം വന്നില്ല. മകളുടെ ചികിത്സക്കായി ഇതിനു മുന്‍പ് 10 ലക്ഷം രൂപ വായ്പയെടുത്തതിനാല്‍ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. ഇനിയും ഒരുപാട് പണം ചിലവാക്കേണ്ടിവരുമെന്ന് ഭയന്ന മാതാപിതാക്കൾ അവളെ കൊല്ലാൻ തീരുമാനിച്ചു. കഴുത്തിൽ കയർ കെട്ടി കൊലപ്പെടുത്തുകയായിരുന്നു.മാനസിക പ്രശ്‌നങ്ങൾ മൂലമാണ് മരിച്ചതെന്നാണ് ഇവർ ബന്ധുക്കളോട് പറഞ്ഞത്. പിന്നീട് ഉടൻ തന്നെ മൃതദേഹം പുലർച്ചെ 3 മണിക്ക് സിദ്ധിപേട്ടിലുള്ള ഭർത്താവിൻ്റെ വീട്ടിലേക്ക് മാറ്റി സംസ്കാരം നടത്തുകയും ചെയ്തു.
എന്നാൽ യുവതിയുടെ പെട്ടെന്നുള്ള മരണത്തിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയും മരണം അസ്വാഭാവികമാണെന്ന് പറയുകയും ചെയ്തു. അന്വേഷണത്തിൽ യുവതിയുടെ പിതാവ് കുറ്റം സമ്മതിച്ചു. മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
cdc