പതഞ്ജലിയുടെ സോന പപ്ടിക്ക് ഗുണനിലവാരമില്ല: കമ്പനിയുടെ അസിസ്റ്റന്റ് മാനേജരടക്കം മൂന്നുപേർക്ക് ആറുമാസം തടവും പിഴയും


പതഞ്ജലി ഉൽപ്പന്നങ്ങളെ വിവാദം വിട്ടുമാറുന്നില്ല. പതഞ്ജലിയുടെ മധുര പലഹാരമായ സോന പപ്ടിക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പനിയുടെ അസിസ്റ്റന്റ് മാനേജരടക്കം മൂന്നുപേർക്ക് ആറുമാസം തടവും പിഴയും വിധിച്ച് കോടതി. പിത്തോരഗഡിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആണ് ശിക്ഷ വിധിച്ചത്. മൂന്ന് പേർക്കും യഥാക്രമം 5,000, 10,000, 25,000 രൂപ പിഴയും വിധിച്ചു.ഉൽപ്പന്നത്തിന്റെ ഗുണനിലവാര പരിശോധനയിലാണ് സോന പപ്ടിക്ക് നിലവാരമില്ലെന്ന് കണ്ടെത്തിയത്. ഉത്തരാഖണ്ഡിലെ രുദ്രാപൂർ ലബോറട്ടറിയിലാണ് പതഞ്ജലിയുടെ സോന പപ്ടി ഗുണനിലവാര പരിശോധനക്ക് വിധേയമാക്കിയത്. 2019ൽ പിത്തോരഗഡിലെ ബെറിനാഗിലെ പ്രധാന മാർക്കറ്റായ ലീലാ ധർ പഥക്കിന്റെ കടയിൽ വിൽപനക്ക് വെച്ച പതഞ്ജലി നവരത്ന എലൈച്ചി സോനാ പപ്ടിയെക്കുറിച്ച് ഒരു ഭക്ഷ്യ സുരക്ഷാ ഇൻസ്പെക്ടർ ആശങ്ക ഉന്നയിച്ചിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇതിന്റെ സാമ്പിളുകൾ ശേഖരിക്കുകയും രാംനഗറിലെ കനഹാ ജി ഡിസ്ട്രിബ്യൂട്ടറിനും ഹരിദ്വാറിലെ പതഞ്ജലി ആയുർവേദ് ലിമിറ്റഡിനും നോട്ടീസ് നൽകുകയും ചെയ്തിരുന്നു.  2020 ഡിസംബറിൽ, രുദ്രാപൂരിലെ ടെസ്റ്റിങ് ലബോറട്ടറി കമ്പനിയുടെ പലഹാരത്തിൽ മധുരത്തിനായി ചേർത്ത പദാർഥത്തിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. വിവരം സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിച്ചു. തുടർന്ന് വ്യവസായി ലീലാ ധർ പഥക്, വിതരണക്കാരൻ അജയ് ജോഷി, പതഞ്ജലി അസിസ്റ്റൻ്റ് മാനേജർ അഭിഷേക് കുമാർ എന്നിവർക്കെതിരെയും കേസെടുക്കുകയായിരുന്നു.

അതേസമയം അടുത്തിടെ ഉത്തരാഖണ്ഡ് സർക്കാർ പതഞ്ജലിയുടെ 14 ഉൽപ്പന്നങ്ങൾ നിരോധിച്ചിരുന്നു. ഇതിന്റെ വില്പന നിർത്തിയോ എന്നും കോടതി ചോദിച്ചു. ഉത്പന്നങ്ങളുടെ വിൽപന നിർത്തിവെച്ചതെന്ന് പതഞ്ജലിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ബൽബീർ സിങ് പറഞ്ഞു. അതിനിടെ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ കേസിൽ പതഞ്ജലി സ്ഥാപകൻ ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്‌ണ എന്നിവർക്കും മറ്റുള്ളവർക്കും എതിരായ കോടതിയലക്ഷ്യ ഹർജിയിൽ മെയ് 14ന് സുപ്രീം കോടതി ഉത്തരവ് മാറ്റിവച്ചിരിക്കുകയാണ്. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് രാംദേവിനെയും ബാലകൃഷ്ണനെയും കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി.

article-image

jfjhfjf

You might also like

Most Viewed