'ഞാൻ ഞെട്ടിയിരിക്കുകയാണ്, കൂടുതൽ മക്കളുള്ളവർ എന്ന് പറഞ്ഞാല്‍ മുസ്ലിംകളെ ആകുമോ; പ്രധാനമന്ത്രി
മുസ്ലിംകൾക്കെതിരായ വിദ്വേഷ പരാമർശത്തിൽ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലിംകളെക്കുറിച്ച് മാത്രമല്ല, പാവപ്പെട്ട കുടുംബങ്ങളെക്കുറിച്ച് കൂടിയായിരുന്നു പരാമർശമെന്ന് മോദി പറഞ്ഞു. താൻ പ്രവർത്തിക്കുന്നത് വോട്ട് ബാങ്കിനായല്ലെന്നും എല്ലാ വിഭാഗങ്ങളുടെയും പുരോഗമനത്തിനായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ മക്കളുള്ളവർ എന്ന് പറയുന്നത് മുസ്ലിംകളാകുന്നത് എങ്ങനെയെന്നും മോദി ചോദിച്ചു. ഹിന്ദുവെന്നോ മുസ്ലിമെന്നോ പ്രത്യേകം പരാമർശിച്ചിട്ടില്ലെന്നും മോദി ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഞാൻ ഞെട്ടിയിരിക്കുകയാണ്. കൂടുതൽ കുട്ടികൾ ഉള്ളവരെന്ന് പറഞ്ഞാൽ മുസ്ലിംകളാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്? നിങ്ങളെന്തിന് മുസ്ലിംകളോട് ഇത്ര അനീതി കാണിക്കണം? ഈ സാഹചര്യം ദരിദ്ര കുടുംബത്തിലുമുണ്ട്. ദാരിദ്ര്യമുള്ളിടത്ത് കൂടുതൽ കുട്ടികളുണ്ടാകും. ഞാൻ ഹിന്ദു എന്നോ മുസ്ലിം എന്നോ പരാമർശിച്ചിട്ടില്ല. ഒരാൾക്ക് പരിപാലിക്കാൻ കഴിയുന്ന അത്ര കുട്ടികളാണ് ഉണ്ടാകേണ്ടത്. നിങ്ങളുടെ കുട്ടികളെ സർക്കാർ പരിപാലിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നാണ് ഞാൻ പറഞ്ഞത്'; മോദി വ്യക്തമാക്കി. ഗോധ്ര കലാപത്തെ കുറിച്ച് പരാമർശിച്ചപ്പോൾ, 2002 ന് ശേഷം എതിരാളികൾ മുസ്ലിംകൾക്കിടയിൽ തന്റെ പ്രതിഛായ നശിപ്പിച്ചുവെന്ന് മോദി പറഞ്ഞു.
തന്റെ വീടിന് ചുറ്റും ധാരാളം മുസ്ലിം കുടുംബങ്ങളുണ്ട്. വീട്ടിൽ പെരുന്നാളും മറ്റ് ഉത്സവങ്ങളും ആഘോഷിക്കാറുണ്ട്. പെരുന്നാൾ ദിവസം വീട്ടിൽ ഭക്ഷണം ഉണ്ടാക്കാറില്ല. മുസ്ലിം കുടുംബങ്ങളിൽ നിന്ന് ഭക്ഷണം വീട്ടിലെത്തും. അത്തരമൊരു ലോകത്താണ് താൻ വളർന്നത്. ഇന്നും തനിക്ക് ധാരാളം മുസ്ലിം സുഹൃത്തുക്കളുണ്ട്. 2002 ന് ശേഷം തന്റെ പ്രതിഛായ തകർക്കപ്പെട്ടുവെന്നും മോദി പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ മുസ്ലിംകൾ വോട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് ഇന്ത്യയിലെ ജനങ്ങൾ വോട്ട് ചെയ്യുമെന്നായിരുന്നു മറുപടി. ഹിന്ദു, മുസ്ലിം എന്ന് വേർതിരിക്കാൻ തുടങ്ങുന്ന ദിവസം മുതൽ തനിക്ക് പൊതുമണ്ഡലത്തിൽ പ്രവർത്തിക്കാൻ അവകാശമില്ല. താൻ അങ്ങനെ ചെയ്യില്ലെന്നത് പ്രതിജ്ഞയാണെന്നും മോദി വ്യക്തമാക്കി.
DDDSD