പ്രജ്വൽ രേവണ്ണയുടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് കുമാരസ്വാമി
ഹാസൻ എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗിക വിഡിയോ വിവാദത്തിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി. വിഡിയോ പ്രചരിപ്പിച്ചത് പൊലീസിന്‍റെ സഹായത്തോടെയാണെന്നും, കേസുമായി ബന്ധപ്പെട്ട് നിലവിൽ അന്വേഷണം നടത്തുന്നത് 'മുഖ്യമന്ത്രിയുടെ സംഘ'മാണെന്നും കുമാരസ്വാമി ആരോപിച്ചു. കേസ് സി.ബി.ഐക്ക് വിടണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു. ഏപ്രില്‍ 21ന് സംസ്ഥാനത്തുടനീളം പെന്‍ഡ്രൈവുകൾ പ്രചരിപ്പിക്കപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരാണ് ഇത് ചെയ്തത്. ബംഗളൂരു റൂറല്‍, മാണ്ഡ്യ, ഹാസന്‍ എന്നിവിടങ്ങളില്‍ മനഃപൂര്‍വം അവര്‍ പെന്‍ഡ്രൈവ് പ്രചരിപ്പിക്കുകയായിരുന്നു. അടുത്ത ദിവസം ഇതുസംബന്ധിച്ച് പ്രജ്വല്‍ രേവണ്ണയുടെ തിരഞ്ഞെടുപ്പ് ഏജന്‍റ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിഡിയോയുടെ ഉള്ളടക്കത്തെ ഞാന്‍ ന്യായീകരിക്കുന്നില്ല. നിയമം അതിന്‍റെ വഴിക്ക് പോകണം. കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കണം. ആരായാലും ഒരാളെയും സംരക്ഷിക്കുന്നതിനേക്കുറിച്ചുള്ള ചോദ്യംതന്നെ ഉയരുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു.
അതേസമയം രാജ്യംവിട്ട പ്രജ്വൽ രേവണ്ണയെ അറസ്റ്റുചെയ്യാൻ കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തിൽ തമ്പടിച്ചിരിക്കുകയാണ്. പ്രജ്വൽ കീഴടങ്ങാത്ത സാഹചര്യത്തിൽ ജർമനിയിലേക്കു പോകാനും പ്രത്യേക അന്വേഷണ സംഘം തയാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളിൽ ജാഗ്രത കർശനമാക്കിയിട്ടുണ്ട്. നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ചു രാജ്യംവിട്ട പ്രജ്വൽ, ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും കീഴടങ്ങാത്ത സാഹചര്യത്തിലാണ് നടപടി. ഹാസൻ ഉൾപ്പെടെ സംസ്ഥാനത്തെ 14 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നതിന‌് ഏതാനും ദിവസങ്ങൾക്കു മുൻപാണ് എൻഡിഎ സ്ഥാനാർഥിയായ പ്രജ്വലിന്റെ മൂവായിരത്തോളം അശ്ലീല വിഡിയോകൾ മണ്ഡലത്തിൽ പ്രചരിക്കുന്നത്. വിഡിയോകൾ ഉൾപ്പെടുന്ന പെൻഡ്രൈവുകൾ മണ്ഡലത്തിലെ പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ, സ്റ്റേഡിയം എന്നിവിടങ്ങളിൽ ഉൾപ്പെടെ അജ്ഞാതർ വിതറുകയായിരുന്നു. ഇരുന്നൂറോളം സ്ത്രീകളുടെ ദൃശ്യങ്ങൾ പ്രജ്വൽ തന്നെ റെക്കോർഡ് ചെയ്തതാണെന്നും പ്രചാരണമുണ്ടായി. ഏപ്രിൽ 26നു വോട്ടെടുപ്പ് നടന്നതിനു പിന്നാലെ പ്രജ്വൽ രാജ്യംവിടുകയും ചെയ്തു.
jkjkjkljkl