മുസ്ലിംകൾക്കെതിരായ വിദ്വേഷ പരാമർശത്തിൽ മോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
മുസ്ലിംകൾക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പരാമർശത്തിൽ വിശദീകരണം തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് വിശദീകരണം തേടിയത്. പ്രസംഗത്തിനെതിരെ കോൺഗ്രസും സി.പി.എമ്മും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. 2024 ഏപ്രിൽ 29നകം വിശദീകരണം നൽകണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയോട് നിർദേശിച്ചിരിക്കുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇന്ത്യയിലെ ജനങ്ങളുടെ സമ്പത്ത് മുഴുവൻ മുസ്‍ലിംകൾക്ക് വിതരണം ചെയ്യുമെന്നായിരുന്നു മോദിയുടെ പരാമർശം. ഇതോടൊപ്പം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനെതിരായ പരാതിയിലും കമീഷൻ വിശദീകരണം തേടിയിട്ടുണ്ട്.
ജനപ്രാതിനിധ്യ നിയമത്തിലെ 77ആം വകുപ്പ് പ്രകാരമാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ നടപടി. ഇരുനേതാക്കളോടും വിശദീകരണം ആവശ്യപ്പെട്ടുള്ള അറിയിപ്പ് ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും കൈമാറി. രാജ്യത്തിന്റെ വിഭവങ്ങളിൽ ന്യൂനപക്ഷ സമുദായത്തിനാണ് പ്രഥമ അവകാശമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞുവെന്ന് അവകാശപ്പെട്ടാണ് കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സമ്പത്ത് മുഴുവൻ മുസ്‍ലിംകൾക്ക് വിതരണം ചെയ്യുമെന്ന് രാജസ്ഥാനിലെ ബൻസ്‍വാരയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി പറഞ്ഞത്. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ച് പ്രചാരണം നടത്തിയ മോദിയുടെ നടപടി ന്യായീകരിക്കാനാവില്ലെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. മോദിക്കും ബി.ജെ.പിക്കുമെതിരായ പരാതികൾ പരിശോധിച്ച് നടപടിയെടുക്കണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, യു.പിയിലെ പിലിബിത്തിൽ നടത്തിയ പ്രസംഗത്തിനെതിരായ പരാതിയിൽ മോദിക്ക് കമീഷൻ ക്ലീൻചിറ്റ് നൽകിയിരുന്നു. പ്രസംഗത്തിൽ രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചതിൽ തെറ്റില്ലെന്നും പെരുമാറ്റച്ചട്ട ലംഘനമായി കാണാനാവില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ നിലപാട്. മതത്തിന്‍റെ പേരിൽ വോട്ടു തേടിയതായി ഇതിനെ പരിഗണിക്കാൻ കഴിയില്ല. ഭരണ നേട്ടങ്ങൾ വിവരിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തതെന്നുമാണ് കമീഷൻ അവലോകനയോഗത്തിൽ വിലയിരുത്തിയത്.
sdfdsf