അയോധ്യയിലെ മുസ്ലിം പള്ളിയുടെ നിർമാണം ഇനിയും തുടങ്ങിയിട്ടില്ല; മോദി സർക്കാറിന്‍റെ വിവേചനം ചൂണ്ടിക്കാട്ടി എകെ ആന്റണി
അയോധ്യയിലെ മുസ്ലിം പള്ളിയുടെ നിർമാണം ഇനിയും തുടങ്ങിയിട്ടില്ല എന്നത് മോദി സർക്കാറിന്‍റെ വിവേചനത്തിന്‍റെ തെളിവായി പൊതുജനം തിരിച്ചറിയുന്നുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. രാമക്ഷേത്രത്തിനൊപ്പം പള്ളിയും പണിയണമെന്നാണ് സുപ്രീംകോടതി വിധിച്ചതെന്നും ആന്‍റണി ചൂണ്ടിക്കാട്ടി. ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആന്‍റണി ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പി എല്ലാക്കാലത്തും വിഭജന അജണ്ടയാണ് പയറ്റിയത്. 2014 മോദി അധികാരത്തിൽ വന്നതും വർഗീയ ധ്രുവീകരണത്തിലൂടെയാണ്.
2019ലും രാമക്ഷേത്രം പോലുള്ള അജണ്ടകൾ അവരെ സഹായിച്ചു. എന്നാൽ, ഇക്കുറി രാമക്ഷേത്രം വെച്ചുള്ള കളി അവർക്ക് തിരിച്ചടിയാണ് സമ്മാനിക്കുക. കാരണം, രാമക്ഷേത്ര പ്രതിഷ്ഠ പ്രധാനമന്ത്രി നേരിട്ട് നടത്തിയത് ഹൈന്ദവ വിശ്വാസികളും പുരോഹിതരും അംഗീകരിക്കുന്നില്ല. രാമക്ഷേത്ര പ്രതിഷ്ഠ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയത് അംഗീകരിക്കില്ലെന്ന് ശങ്കരാചാര്യന്മാർ തുറന്നു പറഞ്ഞു. പുരോഹിതർ നടത്തേണ്ട ചടങ്ങ് രാഷ്ട്രീയക്കാർ കൈയേറിത് ഹൈന്ദവ വിശ്വാസി സമൂഹത്തെ വൈകാരികമായി ബാധിച്ചിട്ടുണ്ട്. വോട്ട് നേട്ടത്തിനായി മോദി നടത്തിയ നീക്കങ്ങൾ മോദിക്ക് വിനയായി മാറിയിരിക്കുന്നു. മാത്രമല്ല, സുപ്രീംകോടതി വിധി രാജ്യം അംഗീകരിച്ചതാണ്. രാമക്ഷേത്ര നിർമാണത്തെ രാജ്യത്തെ മുസ്ലിംകൾ പോലും എതിർത്തിക്കുന്നില്ലെന്നിരിക്കെ, രാമക്ഷേത്രത്തിന്‍റെ പേരിൽ ഇനിയും വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം വിലപ്പോവില്ലെന്നും എ.കെ. ആന്‍റണി ചൂണ്ടിക്കാട്ടി.
sdfsf