ലോക്സഭാ തിരഞ്ഞെടുപ്പ്; രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്നവരിൽ 390 കോടീശ്വരന്മാർ, ക്രിമിനൽ കേസുകാർ 167
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളിൽ ഏഴിലൊന്ന് പേരുടെയും പേരില്‍ ഗൗരവമായ ക്രിമിനല്‍ കേസുകള്‍ ഉള്ളതായി റിപ്പോര്‍ട്ട്. രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ മൂന്നിലൊന്ന് പേരും കോടീശ്വരന്മാരാണെന്നും റിപ്പോർട്ട്. തിരഞ്ഞെടുപ്പ് നീരീക്ഷിക്കുന്ന സ്വകാര്യ ഏജന്‍സിയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സാണ് ഇത് സംബന്ധിച്ച വിശകലനം നടത്തിയത്.
രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 1198 സ്ഥാനാര്‍ത്ഥികളില്‍ 1192 പേരുടെ വിവരങ്ങള്‍ പരിശോധിച്ചാണ് എഡിആര്‍ ഇത് സംബന്ധിച്ച് വിവരങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ മത്സരിക്കുന്നവരില്‍ 167 സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയാണ് ഗുരുതരമായ ക്രിമിനല്‍ കേസുകളുള്ളത്. ഇതില്‍ മൂന്നു പേരുടെ പേരില്‍ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 24 പേരുടെ പേരില്‍ കൊലപാതക ശ്രമത്തിനും 25 പേരുടെ പേരില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനും 21 പേരുടെ പേരില്‍ വിദ്വേഷ പ്രസംഗത്തിനുമാണ് കേസുള്ളത്. ഇതില്‍ തന്നെ 32 സ്ഥാനാര്‍ത്ഥികള്‍ ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരാണ്.
കോണ്‍ഗ്രസ് 22, ബിജെപി 21, സിപിഐഎം 7, സിപിഐ 3, സമജ്‌വാദി പാര്‍ട്ടി 2, ജെഡിയു, ശിവസേന ഉദ്ദവ് താക്കറെ വിഭാഗം ഒന്നുവീതം എന്നിങ്ങനെയാണ് ഗൗരവമേറിയ ക്രിനില്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍. ക്രിമിനല്‍ കേസുകളുള്ള മൂന്നോ അതില്‍ കൂടുതലോ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന 45ഓളം ലോക്‌സഭാ മണ്ഡലങ്ങളെ റെഡ് അലേര്‍ട്ട് മണ്ഡലങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ട്.
രണ്ടാംഘട്ടത്തില്‍ 390 കോടീശ്വരന്മാര്‍ സ്ഥാനാര്‍ത്ഥികളാണ്. ബിജെപിക്ക് വേണ്ടി മത്സരരംഗത്തുള്ള 64പേരും കോണ്‍ഗ്രസിനായി മത്സരിക്കുന്ന 62 പേരും കോടീശ്വരന്മാരാണ്. സിപിഐഎം 12, ജെഡിയു 5, ശിവസേന ഉദ്ധവ് വിഭാഗം 4, സമജ്‌വാദി പാര്‍ട്ടി 4, തൃണമൂൽ കോൺഗ്രസ് 4, ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം 3, സിപിഐ 2 എന്നിങ്ങനെയാണ് രണ്ടാംഘട്ടത്തില്‍ മത്സരിക്കുന്ന കോടിപതികളുടെ പാർട്ടി തിരിച്ചുള്ള കണക്ക്.
bcvbcvbcv