ജമ്മു കാഷ്മീരിന് സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് ഉറപ്പ് നൽ‍കി പ്രധാനമന്ത്രി


ജമ്മു കാഷ്മീരിന് സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് ഉറപ്പ് നൽ‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉധംപൂരിൽ‍ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർ‍ഥിയുമായ ജിതേന്ദ്ര സിംഗിന്‍റെ പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി മെഗാറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു. ഈ തെരഞ്ഞെടുപ്പ് കേവലം എംപിമാരെ തെരഞ്ഞെടുക്കാനുള്ളതല്ല, രാജ്യത്ത് ശക്തമായ സർക്കാർ രൂപീകരിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. സർക്കാർ ശക്തമാകുമ്പോൾ വെല്ലുവിളികളെ വെല്ലുവിളിച്ചുകൊണ്ടാണ് പ്രവൃത്തി പൂർത്തിയാക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർ‍ത്തു. ജമ്മു കാഷ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പും അധികം വൈകാതെ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ സംഭവിച്ചതെല്ലാം വെറും ട്രെയ്‌ലർ മാത്രമാണ്. ജമ്മു കാഷ്മീരിന്‍റെ ഏറ്റവും സുന്ദരമായ പുതിയൊരു ചിത്രം സൃഷ്ടിക്കുന്നതിന്‍റെ തിരക്കിലാണ് ഞാൻ. ജമ്മു കാഷ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് വീണ്ടും നടക്കുന്ന കാലം വിദൂരമല്ല. ജമ്മു കാഷ്മീരിന് സംസ്ഥാന പദവി അധികം വൈകാതെ തിരികെ ലഭിക്കും. അതോടെ എംഎൽഎമാരും മന്ത്രിമാരുമായി നിങ്ങളുടെ സ്വപ്നങ്ങൾ പങ്കിടാനും സാധിക്കുമെന്നും മോദി പറഞ്ഞു. “ദയവായി എന്നെ വിശ്വസിക്കൂ, കഴിഞ്ഞ 60 വർഷമായി ജമ്മു കാഷ്മീരിനെ അലട്ടുന്ന പ്രശ്‌നങ്ങളിൽ നിന്ന് ഞാന്‍ രക്ഷപ്പെടുത്തും. ജമ്മു കാഷ്മീരിലെ ജനങ്ങളുടെ ദീർഘനാളത്തെ ദുരിതങ്ങൾ അവസാനിപ്പിക്കുമെന്ന വാഗ്ദാനം നിറവേറ്റി. പതിറ്റാണ്ടുകൾക്ക് ശേഷം, കാഷ്മീരിൽ തീവ്രവാദത്തെയും അതിർത്തി കടന്നുള്ള വെടിവയ്പ്പിന്‍റെ ഭീഷണിയെയും ഭയപ്പെടാതെ തെരഞ്ഞെടുപ്പ് നടക്കുന്നു’− മോദി പറഞ്ഞു. പത്തുവർ‍ഷം കൊണ്ട് ജമ്മു കാഷ്മീർ‍ വളരെയധികം മാറിയിട്ടുണ്ട്. പ്രതിപക്ഷ നേതാക്കൾ‍ക്ക് മുഗൾ‍ കാലത്തെ മനോഭാവമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ബിജെപി സർക്കാർ 2019ൽ എടുത്തുകളഞ്ഞ ഭരണഘടനയുടെ 370ആം അനുച്ഛേദം പുനഃസ്ഥാപിക്കാൻ കോൺഗ്രസിനെയും മറ്റു പ്രതിപക്ഷ പാർട്ടികളെയും മോദി വെല്ലുവിളിച്ചു. അധികാരത്തിനുവേണ്ടി ജമ്മു കാഷ്മീരിൽ ആർട്ടിക്കിൾ 370 എന്ന മതിൽ പണിതു. എന്നാൽ ജനങ്ങളുടെ അനുഗ്രഹത്താൽ ആ മതിൽ മോദി തകർത്തു. ഞാനും ആ മതിലിന്‍റെ അവശിഷ്ടങ്ങൾ മണ്ണിൽ കുഴിച്ചിട്ടു. കോൺഗ്രസ് എന്നല്ല ഇന്ത്യയിലെ മറ്റൊരു രാഷ്‌ട്രീയ പാർട്ടിയും ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കാൻ സാധിക്കില്ല. ജനം അവരെ തിരിഞ്ഞ് പോലും നോക്കില്ലെന്ന് നിസംശയം പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നര മാസത്തിനിടെ ഇത് മൂന്നാം തവണയാണ് മോദി ജമ്മു കാഷ്മീർ‍ സന്ദർ‍ശിക്കുന്നത്. ഉധംപൂർ‍ ലോക്സഭാ സീറ്റിൽ‍ നിന്ന് തുടർ‍ച്ചയായി മൂന്നാം തവണയാണ് ജിതേന്ദ്ര സിംഗ് ജനവിധി തേടുന്നത്. ഏപ്രിൽ‍ 19നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

article-image

asdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed