ബുദ്ധമതം പ്രത്യേക മതവിഭാഗം: ഹിന്ദുക്കൾ മതം മാറാൻ അനുമതി തേടണമെന്ന് ഗുജറാത്ത് സർക്കാരിൻ്റെ സർക്കുലർ
ബുദ്ധ മതത്തെ പ്രത്യേക മത വിഭാഗമായി കണക്കാക്കി ഗുജറാത്ത് സർക്കാർ ഉത്തരവിട്ടു. ഹിന്ദുമതത്തിൽ നിന്ന് ബുദ്ധമതത്തിലേക്കോ ജൈന വിശ്വാസത്തിലേക്കോ, സിഖ് വിശ്വാസത്തിലേക്കോ പരിവർത്തനം ചെയ്യാൻ ഇനി മുതൽ ജില്ലാ മജിസ്ട്രേറ്റിൻ്റെ മുൻകൂർ അനുമതി തേടണം. ഗുജറാത്ത് മത സ്വാതന്ത്ര്യ നിയമം 2003 അടിസ്ഥാനമാക്കിയാണ് സംസ്ഥാന സർക്കാരിൻ്റെ നീക്കം.
ബുദ്ധ മതത്തിലേക്കുള്ള പരിവർത്തനം മജിസ്ട്രേറ്റിൻ്റെ അനുമതിയോടെയല്ല നടക്കുന്നതെന്ന് കണ്ടാണ് ആഭ്യന്തര വകുപ്പ് നയം മാറ്റം നടത്തിയത്. ദസ്സറ പോലുള്ള ആഘോഷ സമയത്ത് ഗുജറാത്തിൽ ബുദ്ധ മതത്തിലേക്ക് കൂട്ട പരിവർത്തനം നടക്കാറുണ്ട്. പതിവായി ദളിതരാണ് ഇത്തരത്തിൽ പരിവർത്തനം നടത്തുന്നതിൽ അധികവും.
സംസ്ഥാനത്ത് ഹിന്ദുമതത്തിൽ നിന്ന് ബുദ്ധമതത്തിലേക്കുള്ള പരിവർത്തനത്തിന് മുൻകൂർ അനുമതി തേടേണ്ടതില്ലെന്ന പൊതുധാരണയാണ് സംസ്ഥാനത്തുള്ളതെന്നാണ് പുതിയ ഉത്തരവിൽ സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നത്. ചില സാഹചര്യങ്ങളിൽ അപേക്ഷകരും സ്വയംഭരണ സംഘങ്ങളും ഈ അനുമതി ആവശ്യമില്ലെന്ന് എഴുതി നൽകാറുമുണ്ട്. എന്നാൽ മതംമാറ്റ അനുമതി തേടുന്ന സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥർ പോലും ഭരണഘടനയുടെ 25(2) അനുച്ഛേദം പ്രകാരം സിഖ്, ജൈന, ബുദ്ധ വിശ്വാസങ്ങൾ ഹിന്ദുവിശ്വാസത്തിൻ്റെ ഭാഗമാണെന്നും അതിനാൽ മതപരിവർത്തനത്തിന് അനുമതി വേണ്ടെന്നും വ്യക്തമാക്കി അപേക്ഷകരെ മടക്കാറുണ്ടെന്നും ഉത്തരവിൽ പറയുന്നു. അതിനാൽ ജില്ലാ മജിസ്ട്രേറ്റുമാർ മത പരിവർത്തന അപേക്ഷകൾ ലഭിക്കുമ്പോൾ വിശദമായി പഠിച്ച ശേഷം സംസ്ഥാന സർക്കാരിന്റെ ഉത്തരവുകൾ കൂടി വിലയിരുത്തിയ ശേഷം മാത്രമേ അനുമതി നൽകാവൂ എന്ന് ഉത്തരവ് ആവശ്യപ്പെടുന്നുണ്ട്.
dfsvdfsvdsd