ബി.ബി.സിയുടെ ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനം നിർത്തി


ആദായനികുതി ലംഘനത്തിന്‍റെ പേരിലുള്ള തുടർച്ചയായ നടപടിയുടെ പശ്ചാത്തലത്തിൽ ബി.ബി.സിയുടെ ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനം നിർത്തി. പ്രസിദ്ധീകരണ ലൈസൻസ് ഇന്ത്യൻ ജീവനക്കാർ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറി. കലക്ടീവ് ന്യൂസ് റൂം വഴിയാകും ബി.ബി.സിയുടെ ഇന്ത്യയിലെ ഇനിയുള്ള പ്രവർത്തനങ്ങൾ.  ഇന്ത്യന്‍ ജീവനക്കാർ‍ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പ്രസിദ്ധീകരണ ലൈസന്‍സ് കൈമാറിയെന്നും ‘കലക്ടീവ് ന്യൂസ് റൂം വഴിയാകും പ്രവർ‍ത്തനങ്ങളെന്നും ബി.ബി.സി അറിയിച്ചു. മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ ലൈസൻസ് കൈമാറുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് ബി.ബി.സി വ്യക്തമാക്കി. മാധ്യമപ്രവർത്തനത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബി.ബി.സി ചൂണ്ടിക്കാട്ടി.    

2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ‘ഇന്ത്യ; ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി കഴിഞ്ഞ ഫെബ്രുവരിയിൽ സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് നരേന്ദ്രമോദി സർ‍ക്കാർ‍ ബി.ബി.സിയെയും വേട്ടയാടാന്‍ ആരംഭിച്ചത്. ഡോക്യുമെന്ററിയുടെ സംപ്രേക്ഷണം കേന്ദ്രസർ‍ക്കാർ‍ വിലക്കിയിരുന്നു. ഗുജറാത്ത് കലാപത്തിൽ‍ നരേന്ദ്രമോദിയുടെ പങ്ക് മറയില്ലാതെ വിവരിക്കുന്ന ഡോക്യുമെന്ററി ഏറെ ചർ‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ ആദായ നികുതി വകുപ്പ് ബിബിസിയുടെ മുംബൈ, ഡൽഹി ഓഫിസുകളിൽ‍ കയറിയിറങ്ങി. മണിക്കൂറുകളോളം റെയ്ഡും വന്‍തുക പിഴയും ചുമത്തി. ഒരു വർ‍ഷമായി പ്രതികാര നടപടി തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ന്യൂസ് റൂമുകൾ‍ അടയ്ക്കാന്‍ ബി.ബി.സിയുടെ തീരുമാനം.     

പുതിയതായി ആരംഭിക്കുന്ന കലക്ടീവ് ന്യൂസ് റൂം കമ്പനിയുടെ 26 ശതമാനം ഓഹരികൾ‍ക്കായി ബി.ബി.സി സർ‍ക്കാരിന് അപേക്ഷ നൽ‍കിയിട്ടുണ്ട്. 1940 മെയ് മാസത്തിലാണ് ബിബിസി ഇന്ത്യയിൽ‍ സംപ്രേക്ഷണം ആരംഭിച്ചത്. ഹിന്ദി, ഗുജറാത്തി, മറാഠി, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ബിബിസി ഇന്ത്യയിൽ‍ പ്രവർ‍ത്തിച്ചത്. ഇരുന്നൂറൂളം ജീവനക്കാരുണ്ടായിരുന്ന ബി.ബി.സിയുടെ ഇന്ത്യന്‍ ന്യൂസ് റൂം ബ്രിട്ടന് പുറത്തുള്ള സ്ഥാപനത്തിന്റെ വലിയ ന്യൂസ് റൂമായിരുന്നു.

article-image

asdfasd

You might also like

Most Viewed