ചെന്നൈയിൽ ട്രെയിനിൽനിന്ന് നാല് കോടി രൂപ പിടികൂടി; ബിജെപി പ്രവർത്തകനടക്കം നാല് പേർ പിടിയിൽ

ചെന്നൈയിൽ ട്രെയിനിൽനിന്ന് നാല് കോടി രൂപ പിടികൂടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഫ്ലൈയിംഗ് സ്ക്വാർഡ് ആണ് പണം പിടിച്ചെടുത്തത്. സംഭവത്തിൽ ബിജെപി പ്രവർത്തകനും ചെന്നൈയിലെ ബ്ലൂ ഡയമണ്ട് ഹോട്ടലിന്‍റെ മാനേജരും അടക്കം നാല് പേർ അറസ്റ്റിലായിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെയാണ് ചെന്നൈയിൽനിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന ട്രെയിനിന്‍റെ എസി കോച്ചിൽനിന്ന് ആറ് ബാഗുകളിലായി സൂക്ഷിച്ച പണം പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് ട്രെയിന്‍ താംബരം സ്റ്റേഷനിലെത്തിയപ്പോൾ ഫ്ലൈയിംഗ് സ്ക്വാർഡ് പരിശോധന നടത്തുകയായിരുന്നു.
ബ്ലൂ ഡയമണ്ട് ഹോട്ടലിന്‍റെ ഉടമയും തിരുനെൽവേലിയിലെ ബിജെപി സ്ഥാനാർഥിയും എംഎൽഎയുമായ നൈനാർ നാഗേന്ദ്രന്‍റെ നിർദേശപ്രകാരമാണ് പണം തിരുനെൽവേലിയിലേക്ക് കൊണ്ടുപോയതെന്ന് അറസ്റ്റിലായവർ മൊഴി നൽകിയെന്നാണ് സൂചന. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പിടിച്ചെടുത്ത പണം ട്രഷറിയിലേക്ക് കൈമാറിയിട്ടുണ്ട്.
ോേമമ