ലോക്സഭാ തെരഞ്ഞെടുപ്പ്: ബംഗാളിൽ സിപിഐഎം-കോൺഗ്രസ് ധാരണ
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ സിപിഐഎം-കോൺഗ്രസ് സീറ്റ് ധാരണ. കോൺഗ്രസ് 12 സീറ്റുകളിൽ മത്സരിച്ചേക്കും. ഇടതുപക്ഷ പാർട്ടികൾ 24 സീറ്റുകളിലും, ഇന്ത്യൻ സെക്യുലർ ഫ്രണ്ട് ആറ് സീറ്റിലുമാകും മത്സരിക്കുക. അതേസമയം തൃണമൂൽ കോൺഗ്രസ് 42 ലോക്സഭാ സീറ്റുകളിലേക്കും നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
ഒരാഴ്ചത്തെ ചർച്ചകൾക്കൊടുവിലാണ് കോൺഗ്രസ് ഇടതുമുന്നണിയുമായും ഇന്ത്യൻ സെക്കുലർ മുന്നണിയുമായും (ഐഎസ്എഫ്) ലോക്സഭാ സീറ്റ് സംബന്ധിച്ച് ധാരണയിലെത്തിയിരിക്കിന്നത്. മുർഷിദാബാദ് സീറ്റ് സിപിഐഎമ്മിന് വിട്ടുനൽകാൻ കോൺഗ്രസ് തീരുമാനിച്ചു. പകരമായി കോൺഗ്രസിന് പുരുലിയ, റാണിഗഞ്ച് സീറ്റുകൾ നൽകും. സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം മുർഷിദാബാദിൽ മത്സരിച്ചേക്കുമെന്നാണ് സൂചന.
അതേസമയം പുരുലിയ, റാണിഗഞ്ച് സീറ്റുകൾ വിട്ടുനൽകാനുള്ള തീരുമാനത്തിൽ ഇടതുമുന്നണിക്കുള്ളിൽ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. പാർട്ടിയുടെ പരമ്പരാഗത മൂന്ന് സീറ്റുകളൊന്നും – പുരുലിയ, കൂച്ച് ബെഹാർ, ബരാസത്ത് കോൺഗ്രസിനോ ഐഎസ്എഫിനോ നൽകരുതെന്നാണ് എഐഎഫ്ബി ആവശ്യം. ബസീർഹത്ത് സീറ്റും ഇടതുപക്ഷത്ത് ഒരു തർക്ക വിഷയമാണ്. സീറ്റ് സി.പി.ഐ.എമ്മിന് വിട്ടുകൊടുക്കാൻ സി.പി.ഐ തയ്യാറല്ല.
സീറ്റിൽ സന്ദേശ്ഖാലി സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം അറസ്റ്റിലായ നിറപട സർദാറിനെ മത്സരിപ്പിക്കാനാണ് സിപിഐഎമ്മിന് താൽപര്യം. കോൺഗ്രസിൻ്റെ തീരുമാനത്തിനായി കാത്തുനിൽക്കാതെ, ഇടതുപക്ഷം ഈ ആഴ്ച ആദ്യം 17 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു ബാക്കി ഏഴ് പേരുകൾ കൂടി ഉടൻ പ്രഖ്യാപിച്ചേക്കും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവും കോൺഗ്രസും ഐഎസ്എഫും ഒരുമിച്ചാണ് മത്സരിച്ചത്.
asasadsdasadsds