മഹാരാഷ്ട്രയിൽ എംഎൻഎസ്-എൻഡിഎ സഖ്യത്തിന് സൂചന; രാജ് താക്കറെ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ എൻഡിഎയിൽ ചേർന്നേക്കുമെന്ന് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി രാജ് താക്കറെ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിൽ അരമണിക്കൂറോളം ചർച്ച നടന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
എംഎൻഎസ്-എൻഡിഎ സഖ്യം യാഥാർഥ്യമായാൽ, രാജ് താക്കറെയുടെ ബന്ധു ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് സ്വാധീനമുള്ള മുംബൈയിൽ എംഎൻഎസിന് ഒരു സീറ്റ് നൽകിയേക്കും. സഖ്യം ഉണ്ടാവുകയും രാജ് താക്കറെ മത്സരിക്കുകയും ചെയ്താൽ ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും. കഴിഞ്ഞ മാസം ഒരു സംഘം എംഎൻഎസ് നേതാക്കൾ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ടിരുന്നു.
2006ൽ ശിവസേനയിൽ നിന്ന് തെറ്റിപ്പിരിഞ്ഞാണ് രാജ് താക്കറെ എംഎൻഎസ് രൂപീകരിച്ചത്. മകൻ ഉദ്ധവ് താക്കറെയെ ഉയർത്തികൊണ്ട് വരാനുള്ള ബാൽ താക്കറെയുടെ ശ്രമത്തിൽ പ്രതിഷേധിച്ചായിരുന്നു നീക്കം. 2009-ൽ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട എംഎൻഎസ് 288-ൽ 13 സീറ്റുകൾ നേടി, കൂടുതലും മുംബൈയിൽ.
എംഎൻഎസിൻ്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകം മറാത്തി വോട്ടുകളുടെ വിഭജനമാണ്, അത് ആ വർഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മുംബൈയിൽ ശിവസേനയ്ക്ക് തിരിച്ചടിയായി. എന്നാൽ പിന്നീട് എംഎൻഎസിൻ്റെ പ്രാധാന്യം നഷ്ടപ്പെടുകയും സംസ്ഥാനത്ത് രാഷ്ട്രീയ മാർജിനിലേക്ക് ചുരുങ്ങുകയുമായിരുന്നു.
SADDFDDDSDSDS