ചില കുടുംബങ്ങൾക്ക് മാത്രം നേട്ടമുണ്ടാക്കാൻ കശ്മീരിനെ ബന്ദിയാക്കി; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മോദി
പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസും സഖ്യകക്ഷികളും പതിറ്റാണ്ടുകളായി ആർട്ടിക്കിൾ 370 യുടെ പേരിൽ ജമ്മു കശ്മീരിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ആർട്ടിക്കിൾ 370 കൊണ്ട് ജമ്മു കശ്മീരിനാണോ അതോ കുറച്ച് കുടുംബങ്ങൾക്ക് മാത്രമാണോ നേട്ടമുണ്ടായതെന്ന സത്യം ജനങ്ങൾക്ക് ഇപ്പോൾ ബോധ്യമായിട്ടുണ്ടെന്നും മോദി.
ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. ആർട്ടിക്കിൾ 370 സംബന്ധിച്ച് കോൺഗ്രസും സഖ്യകക്ഷികളും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു. ഇതിൻ്റെ പ്രയോജനം ലഭിക്കുന്നത് ചുരുക്കം കുടുംബങ്ങൾക്ക് മാത്രമാണ്. ആർട്ടിക്കിൾ 370 ഒഴിവാക്കിയതോടെ ജമ്മു കശ്മീരിലെ യുവ പ്രതിഭകൾക്ക് ഇന്ന് അർഹമായ ബഹുമാനം കിട്ടുന്നുണ്ടെന്നും മോദി.
ജമ്മു കശ്മീർ ഇന്ന് നിയന്ത്രണങ്ങളിൽ നിന്ന് മുക്തമാണ്. രാജ്യത്തുടനീളം ബാധകമായ നിയമങ്ങൾ ഇവിടെ ബാധകമല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ജമ്മുവിലെ ഓരോ വിഭാഗത്തിനും അവരുടെ അവകാശങ്ങൾ തിരിച്ചുനൽകുകയാണ്. പതിറ്റാണ്ടുകളായി ഈ പുതിയ കശ്മീരിനായി കാത്തിരിക്കുകയായിരുന്നു. ജമ്മു കശ്മീർ വെറുമൊരു പ്രദേശമല്ല, ഇന്ത്യയുടെ ശിരസ്സാണ്. വികസിത ജമ്മു കശ്മീരാണ് വികസിത ഇന്ത്യയുടെ മുൻഗണനയെന്നും മോദി പറഞ്ഞു.
jbjjkjkjgj