എന്റെ ഹൃദയവും ആത്മാവും എപ്പോഴും നിങ്ങൾക്കൊപ്പം; ഇനി മത്സരിക്കാനില്ല; റായ്ബറേലിയെ വോട്ടർമാരോട് സോണിയ
രാജ്യസഭയിലേക്ക് പത്രിക നൽകിയതിന് പിന്നാലെ റായ്ബറേലി ലോക്സഭ മണ്ഡലത്തിലെ വോട്ടർമാർക്ക് വൈകാരിക കുറിപ്പുമായി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. ആരോഗ്യ പ്രശ്നങ്ങളും പ്രായാധിക്യവും കാരണം അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ സോണിയ, കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പ്രതികൂല സാഹചര്യങ്ങൾക്കിടയിലും തനിക്കൊപ്പം നിന്നകാര്യം എടുത്തുപറഞ്ഞു. എന്റെ എല്ലാ നേട്ടങ്ങൾക്കും കാരണം റായ് ബറേലിയിലെ വോട്ടർമാരാണ്. നിങ്ങളുടെ വിശ്വാസം കാക്കാൻ ഞാൻ എപ്പോഴും പരമാവധി ശ്രമിച്ചിട്ടുണ്ട്. ഈ തീരുമാനത്തിന് ശേഷം, നിങ്ങളെ നേരിട്ട് സേവിക്കാൻ എനിക്ക് അവസരം ലഭിക്കില്ല. എന്നാൽ, എന്റെ ഹൃദയവും ആത്മാവും എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടാകും. മുമ്പത്തെപ്പോലെ ഭാവിയിലും നിങ്ങൾ എനിക്കും എൻ്റെ കുടുംബത്തിനും ഒപ്പം നിൽക്കുമെന്ന് എനിക്കറിയാം. ഫിറോസ് ഗാന്ധിയേയും ഇന്ദിരാ ഗാന്ധിയേയും റായ്ബറേലി വിജയിപ്പിച്ച കാര്യവും സോണിയ ഹിന്ദിയിൽ എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടി. 2004ലാണ് സോണിയ ആദ്യമായി റായ്ബറേലിയിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്.
കത്തിലൂടെ കുടുംബത്തിലെ മറ്റൊരാൾ പിൻഗാമിയായി എത്തുമെന്ന സൂചനയാണ് നൽകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണന്ന ആവശ്യം ഉയർന്നിട്ടുണ്ട്. രാജസ്ഥാനിൽ നിന്നാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. സോണിയ ഗാന്ധിക്കൊപ്പം രാഹുലും പ്രിയങ്കയും പത്രിക നൽകാൻ ജയ്പൂരിലെത്തിയിരുന്നു. ഇതിനായി ഭാരത് ജോഡോ യാത്രക്ക് ഒരു ദിവസത്തെ ഇടവേളയും നൽകിയിരുന്നു. 25 വർഷം ലോക്സഭാംഗമായിരുന്ന ശേഷമാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്.
sadfsd