തോഷഖാന കേസിൽ ഇംറാൻ ഖാനും ഭാര്യയ്ക്കും 14 വർഷം തടവുശിക്ഷ


തോഷഖാന കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തഹ്‍രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) അധ്യക്ഷനുമായ ഇംറാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും 14 വർഷം വീതം  തടവുശിക്ഷ. ഇസ്ലാമാബാദ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൂടാതെ, 787 ദശലക്ഷം രൂപ വീതം ഇരുവർക്കും പിഴയും കോടതി ചുമത്തി. അതോടൊപ്പം, പൊതുപദവി വഹിക്കുന്നതിൽ നിന്ന് ഇംറാന് 10 വർഷം വിലക്കും കോടതി ഏർപ്പെടുത്തി. പാകിസ്താനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാൻ എട്ട് ദിവസം മാത്രം ശേഷിക്കെയാണ് കോടതി വിധി പുറപ്പെടുവിച്ചത്. തോഷഖാന അഴിമതി കേസിൽ അഴിമതിക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്നു വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന റാവൽപിണ്ടിയിലെ അഡിയാല ജയിലിൽവെച്ചാണ് ജഡ്ജി മുഹമ്മദ് ബഷീർ വാദം കേട്ടത്. 

എന്നാൽ, ഇംറാന്‍റെ ഭാര്യ ബുഷ്റ ബീബി ഇന്ന് കോടതിയിൽ ഹാജരായില്ല.  സമ്മാനമായി ലഭിക്കുന്ന വില കൂടിയ വസ്തുക്കൾ സ്റ്റേറ്റ് ഗിഫ്റ്റ് ഡെപ്പോസിറ്ററിയിൽ (തോഷഖാന) സമർപ്പിക്കണമെന്നാണ് ചട്ടം. ഇംറാൻ അധികാരത്തിലിരിക്കെ അറബ് രാഷ്ട്രങ്ങളിൽ സന്ദർശിച്ചപ്പോൾ ലഭിച്ച വിലയേറിയ സമ്മാനങ്ങൾ തോഷഖാനയിൽ അടച്ചു. പിന്നീട് ഇവിടെ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങി വൻ ലാഭത്തിൽ മറിച്ചുവിറ്റുവെന്നാണ് ആരോപണം. ഔദ്യോഗിക രേഖകൾ പരസ്യപ്പെടുത്തിയ സൈഫർ കേസിൽ ഇംറാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും പ്രത്യേക കോടതി ഇന്നലെ 10 വർഷം വീതം തടവുശിക്ഷ വിധിച്ചിരുന്നു. നയതന്ത്രരേഖയിലെ വിവരങ്ങൾ 2022 മാർച്ച് 27ന് നടന്ന പാർട്ടി റാലിയിൽ വെളിപ്പെടുത്തിയെന്നാണ് കേസ്.തന്‍റെ സർക്കാറിനെ താഴെയിറക്കാൻ അന്താരാഷ്ട്ര ഗൂഢാലോചന നടന്നു എന്നാരോപിച്ചാണ് ഇംറാനാണ് രേഖകൾ വെളിപ്പെടുത്തിയത്. അതേസമയം, ഇംറാനെതിരെ ചുമത്തിയിട്ടുള്ളത് കള്ളക്കേസാണെന്നാണ് തഹ്‍രീകെ ഇൻസാഫ് പാർട്ടിയുടെ അവകാശവാദം.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed